തെഹ്റാന് – ഹോര്‍മുസ് കടലിടുക്കിലെ പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് സൈനിക പരിഹാരമില്ലെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പ്രസ്താവിച്ചു. രാഷ്ട്രീയ പ്രതിസന്ധിക്ക് സൈനിക പരിഹാരമില്ലെന്ന് ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ വ്യക്തമായി കാണിക്കുന്നതായി എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ അദ്ദേഹം എഴുതി. പാകിസ്ഥാന്റെ ശ്രമങ്ങളുടെ ഫലമായി വാഷിംഗ്ടണുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഗതാഗതം പുനരാരംഭിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഫ്രീഡം പ്രോജക്റ്റ് വഴിമുട്ടിയ പദ്ധതിയാണെന്ന് ഇറാന് വിദേശ മന്ത്രി വിശേഷിപ്പിച്ചു.
ഇറാനുമായുള്ള ചര്‍ച്ചകളെ പരാമര്‍ശിച്ചുകൊണ്ട് കാര്യങ്ങള്‍ വളരെ നന്നായി പോകുന്നു എന്ന് ട്രംപ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചര്‍ച്ചകളില്‍ ഇറാന് കൂടുതല്‍ വഴക്കം കാണിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. യു.എസിനും ഇറാനും ഇടയില്‍ മധ്യസ്ഥതക്ക് നേതൃത്വം നല്കുന്ന പാകിസ്ഥാന്, ഏപ്രില്‍ ആദ്യ വാരത്തില്‍ ഇറാനില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള പ്രതിനിധികള്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഈ ചര്‍ച്ചകള്‍ ഒരു കരാറില്‍ കലാശിച്ചില്ല. ഇരുപക്ഷവും തമ്മിലുള്ള വിടവുകള്‍ കുറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്ന പാകിസ്ഥാന്, പുതിയ ഇറാന് നിര്‍ദ്ദേശം അമേരിക്കക്ക് കൈമാറി. ഇതിലുള്ള അമേരിക്കന്‍ പ്രതികരണം പിന്നീട് ഇറാനും കൈമാറി. അമേരിക്കയുടെ പ്രതികരണം പഠിക്കാന്‍ തുടങ്ങിയതായി ഇറാന് വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് അറിയിച്ചു.



