മോസ്‌കോ- സമാധാനപരമായ ആവശ്യങ്ങള്‍ക്കായി യുറേനിയം സമ്പുഷ്ടീകരിക്കാന്‍ ഇറാന് എല്ലാവിധ അവകാശവുമുണ്ടെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് വ്യക്തമാക്കി. ലോകത്തെ മറ്റ് രാജ്യങ്ങളെപ്പോലെ അന്താരാഷ്ട്ര ആണവായുധ നിര്‍വ്യാപന കരാറിന്റെ (എൻ.പി.ടി) പരിധിയില്‍ നിന്നുകൊണ്ട് സമാധാനപരമായ ആവശ്യങ്ങള്‍ക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സ്വാതന്ത്ര്യം ഇറാത്തിനുമുണ്ടെന്നതാണ് ഈ വിഷയത്തിലെ അടിസ്ഥാന തത്വമെന്ന് മോസ്‌കോയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ആണവ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്ന പ്രധാന കക്ഷികളായ അമേരിക്കയും ഇറാനും പരസ്പരം അംഗീകരിക്കുന്ന ഏത് തരത്തിലുള്ള ഒത്തുതീര്‍പ്പുകളെയും പരിഹാരങ്ങളെയും പിന്തുണയ്ക്കാന്‍ റഷ്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനിലെ ബൂഷെഹര്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു കാലത്തും യാതൊരുവിധ രാജ്യാന്തര ഉപരോധങ്ങള്‍ക്കും വിധേയമായിട്ടില്ലെന്നും സെര്‍ജി ലാവ്റോവ് ചൂണ്ടിക്കാട്ടി. ഇറാന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് 2015-ല്‍ ഒപ്പുവെച്ച ചരിത്രപരമായ ആഗോള കരാറില്‍ പോലും ബൂഷെഹര്‍ ആണവനിലയത്തെ ഉപരോധങ്ങളില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കിയിരുന്നു. ബൂഷെഹര്‍ ആണവനിലയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റഷ്യയെയും ഇറാനെയും മാത്രം ബാധിക്കുന്ന ഉഭയകക്ഷി വിഷയമാണെന്നും ഇതില്‍ മറ്റ് രാജ്യങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.



