ഖമീസ്മുശൈത്ത്- അമിതമായ തൊഴിൽഭാരവും ശമ്പള കുടിശ്ശികയും ഉൾപ്പടെ വിവിധ പ്രശ്നങ്ങൾ കാരണം ദുരിതത്തിലകപ്പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് ഖമീസ് മുഷൈത്ത് ശറഫിയ്യ കെ.എം.സി.സി യുടെ ഇടപെടൽ ആശ്വാസമായി. ഖമീസ് മുഷൈത്തിലെ ഫുഡ് ഡെലിവറി കമ്പനിയിൽ ജോലിക്കെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള ഇരുപതോളം ഇന്ത്യക്കാർ നേരിട്ടിരുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ മൂന്നിയൂരിന്റെ നേതൃത്വത്തിൽ ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ, മാധ്യമപ്രവർത്തകൻ മുജീബ് ചടയമംഗലം തുടങ്ങിയവർ തൊഴിലാളികളുടെ താമസ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് അവർക്കാവശ്യമായ ഭക്ഷ്യവിഭവങ്ങൾ കെ.എം.സി.സി പ്രവർത്തകർ എത്തിക്കുകയും ചെയ്തു.
ജോലി ഭാരവും ശമ്പളവിതരണത്തിലെ കൃത്യതയില്ലായ്മയും കൊണ്ട് ഇനിയും ജോലിയിൽ തുടരാനാവില്ലെന്നും നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കിത്തരണം എന്നുമാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്. ബഷീർ മൂന്നിയൂർ കമ്പനി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ നാട്ടിൽ പോകേണ്ടവർക്ക് എക്സിറ്റ് അടിച്ച് നൽകാനുള്ള സന്നദ്ധത കമ്പനി അറിയിച്ചു. തുടർന്ന് എക്സിറ്റ് ലഭിച്ച ഏതാനും തൊഴിലാളികൾ സ്വന്തം ടിക്കറ്റിൽ നാട്ടിലേക്ക് മടങ്ങി.
ബാക്കി വന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ കെ.എം.സി.സി ശറഫിയ്യ ഏരിയാ കമ്മിറ്റി ഏറ്റെടുക്കുകയും
എക്സിറ്റ് നേടിയ മൂന്ന് പേർക്ക് എയർ ടിക്കറ്റ് നൽകി നാട്ടിലയക്കുകയും ചെയ്തു. തൊഴിലാളികളുടെ കൈവശമിരിക്കെ അപകടത്തിൽ പെട്ട് കേടായ രണ്ട് ഡെലിവറി വാഹനങ്ങൾ നന്നാക്കി കമ്പനിയിൽ തിരിച്ചേൽപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ജോലി ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച രണ്ട് പേരുടെ സ്പോൺസർഷിപ്പ് മാറ്റി. തൊഴിലാളികളുടെ താമസ സ്ഥലത്ത് ആവശ്യമുള്ള സമയങ്ങളിൽ ഭക്ഷണമെത്തിച്ചു നൽകി. സാങ്കേതിക കാരണങ്ങളാൽ യാത്ര തടസ്സപ്പെട്ടവർക്കുള്ള നിയമസഹായവും ശറഫിയ്യ കെ.എം.സി.സി ആണ് നൽകുന്നത്. ശറഫിയ കെ.എം.സി.സി ഭാരവാഹികളായ സത്താർ ഒലിപ്പുഴ, അനീസ് കുറ്റ്യാടി, സാബിത് അരീക്കോട്, സാദിഖ് ഒരുക്കുങ്ങൽ, മജീദ് മണ്ണാർക്കാട്, സക്കറിയ കൊട്ടുകാട്ടിൽ, ഫൈസൽ പൂക്കോട്ടൂർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.