ജിദ്ദ – മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയുടെ നിലവിലെ പ്രതിവര്‍ഷ ശേഷി 1.6 കോടിയിലേറെ യാത്രക്കാരെന്ന് സൗദി അറേബ്യ റെയില്‍വേയ്‌സ് വക്താവ് ഖാലിദ് അല്‍ഫര്‍ഹാന്‍ പറഞ്ഞു. പുതിയ ട്രെയിനുകള്‍ വരുന്നതോടെ 2031 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ട്രെയിനുകള്‍ തീര്‍ഥാടകര്‍ക്കുള്ള യാത്രാ സേവനം ഗണ്യമായി മെച്ചപ്പെടുത്തുകയും വേഗതയേറിയതും സുരക്ഷിതവുമായ യാത്രക്ക് സഹായിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ യാത്രക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞതായും ഖാലിദ് അല്‍ഫര്‍ഹാന്‍ പറഞ്ഞു.
പ്രധാനമായും ഹജ്, ഉംറ തീര്‍ഥാടകരെയും സന്ദര്‍ശകരെയും ലക്ഷ്യമിട്ട് പൂര്‍ത്തിയാക്കിയ, മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസിന് ഉപയോഗിക്കാനായി 20 പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് ട്രെയിനുകള്‍ വാങ്ങാന്‍ കഴിഞ്ഞയാഴ്ച കരാര്‍ ഒപ്പുവെച്ചിരുന്നു. സൗദി അറേബ്യ റെയില്‍വേയ്സും സ്പാനിഷ് കമ്പനിയായ ടാല്‍ഗോയുമാണ് കരാര്‍ ഒപ്പുവെച്ചത്. ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി മക്കക്കും മദീനക്കും ഇടയില്‍ ഗതാഗത കാര്യക്ഷമത വര്‍ധിപ്പിക്കാനും തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങളെ പിന്തുണക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ടാല്‍ഗോ കമ്പനി നിര്‍മിച്ച് നല്‍കുന്ന പുതിയ ഓരോ ട്രെയിനിലും 13 കോച്ചുകളുണ്ടാകും. ഇതില്‍ 8 എണ്ണം ഇക്കണോമി ക്ലാസ് കോച്ചുകളും 5 എണ്ണം ബിസിനസ് ക്ലാസ് കോച്ചുകളുമാണ്. 304 ഇക്കണോമി ക്ലാസ് സീറ്റുകളും 113 ബിസിനസ് ക്ലാസ് സീറ്റുകളുമായി ആകെ 417 സീറ്റുകളാണ് ട്രെയിനിലുണ്ടാവുക. വികലാംഗര്‍ക്കായി പ്രത്യേകം സീറ്റുകള്‍ സജ്ജീകരിച്ച കോച്ചും ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു.
കരാര്‍ പ്രകാരം, പുതിയ ട്രെയിനുകളുടെ ആദ്യ ബാച്ച് 2028 അവസാനത്തോടെ ലഭിക്കും. 2031 ല്‍ മുഴുവന്‍ ട്രെയിനുകളും കൈമാറും. പുതിയ ട്രെയിനുകള്‍ അഞ്ച് സ്റ്റേഷനുകളിലായി മുഴുവന്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ ശൃംഖലയിലും സര്‍വീസ് നടത്തും. പുതിയ ട്രെയിനുകള്‍ ലഭിക്കുന്നതോടെ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസിന് ഉപയോഗിക്കുന്ന ട്രെയിനുകളുടെ എണ്ണം 35 ല്‍ നിന്ന് 55 ആയി ഉയരും.
2018 ല്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്ത ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ, ഇരു ഹറമുകളെയും സേവിക്കുന്നതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ ഗതാഗത സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പദ്ധതികളില്‍ ഒന്നാണ്. തീര്‍ഥാടകര്‍ക്ക് സേവനം നല്‍കാനും അവരുടെ രാജ്യത്തേക്കുള്ള വരവ് മുതല്‍ മടക്കയാത്ര വരെയുള്ള അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആധുനികവും സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത ഓപ്ഷനുകള്‍ ലഭ്യമാക്കി, സേവനം നല്‍കാനുമുള്ള അടിസ്ഥാന സ്തംഭമാണ് ട്രെയിന്‍നിര വിപുലീകരണം. രാജ്യത്തെ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്ന സുസ്ഥിര ഗതാഗത പരിഹാരങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു.
തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്താനും തിരക്കേറിയ സീസണുകളില്‍ മക്കക്കും മദീനക്കും ഇടയിലുള്ള ഗതാഗത പ്രവാഹം വര്‍ധിപ്പിക്കാനും പുതിയ ട്രെയിനുകള്‍ സഹായിക്കും.
രണ്ട് പുണ്യനഗരങ്ങള്‍ക്കിടയിലുള്ള ഏറ്റവും വേഗതയേറിയ ഗതാഗത മാര്‍ഗമാണ് ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ. ഈ പാതയില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ സഞ്ചരിക്കുന്നു. ജിദ്ദ സുലൈമാനിയ, ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നീ മൂന്ന് ഇന്റര്‍മീഡിയറ്റ് സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന ട്രെയിനുകള്‍ മക്കക്കും മദീനക്കും ഇടയിലുള്ള യാത്രക്ക് ഏകദേശം രണ്ട് മണിക്കൂര്‍ മാത്രമാണ് എടുക്കുന്നത്. നിലവില്‍ 35 ട്രെയിനുകളാണ് ഈ പാതയില്‍ സര്‍വീസിന് ഉപയോഗിക്കുന്നത്. ഇത് തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ചലനം സുഗമമാക്കുകയും തിരക്കേറിയ സീസണുകളില്‍ ഗതാഗത കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.



