ഗാസയാകെ ശവപ്പറമ്പാക്കിയും ചുട്ടെരിച്ചും ഇസ്രായില്‍ തുടരുന്ന അതിരൂക്ഷമായ ആക്രമണത്തിനിടെ ബന്ദികളെ ജീവനോടെ നിലനിര്‍ത്തുക എന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഹമാസുമായുള്ള അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രായില്‍ ബന്ദിയായ സാഷാ ട്രുപനോവിന്റെ പുതിയ വീഡിയോ റെക്കോര്‍ഡിംഗ് വെള്ളിയാഴ്ച രാവിലെ ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റ് പുറത്തുവിട്ടത് ഗാസയില്‍ ഇസ്രായിലി ബന്ദികളുടെ സാഹചര്യങ്ങളിലേക്ക് പുതിയ വെളിച്ചംവീശുന്നതാണ്.
ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടോ അതല്ല, മരണപ്പെട്ടോ എന്ന കാര്യത്തില്‍ ഹമാസ് കടുത്ത മൗനമാണ് പാലിക്കുന്നത്. വാസ്തവത്തില്‍ ബന്ദികളെ ജീവനോടെ നിലനിര്‍ത്തുന്നതില്‍ പ്രസ്ഥാനം വലിയ വെല്ലുവിളി നേരിടുന്നു. ഇവരുടെ സംരക്ഷണ ചുമതലയുള്ള ഗ്രൂപ്പുകളുമായുള്ള ആശയവിനിമയം ഇടക്കിടെ മുറിയുകയും ചെയ്യുന്നുണ്ട്.
2023 ഒക്‌ടോബര്‍ ഏഴിന് ഗാസക്കു സമീപമുള്ള ഇസ്രായിലി ഗ്രാമങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഹമാസ് നടത്തിയ മിന്നലാക്രമണത്തിനിടെ ബന്ദിയായി പിടിച്ച സാഷാ ട്രുപനോവിന്റെ ആദ്യ വീഡിയോ ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റ് ബുധനാഴ്ചയാണ് പുറത്തുവിട്ടത്. ഇന്നലെ പുറത്തുവിട്ട പുതിയ വീഡിയോയില്‍ തന്നെയും ഗാസയില്‍ തടവിലാക്കിയ മറ്റു ബന്ദികളെയും സഹായിക്കാന്‍ ഇസ്രായിലിലെ ഭരണസഖ്യത്തിലെ കക്ഷിയായ ഷാസ് പാര്‍ട്ടിയുടെ നേതാവായ ആര്യേഹ് ഡെറിയോട് ട്രൂപനോവ് ആവശ്യപ്പെട്ടു.
ഗാസയിലെ ഇസ്രായിലി ബന്ദികളെ കാത്തിരിക്കുന്ന അജ്ഞാത വിധിയെ കുറിച്ച് ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂഉബൈദ നേരത്തെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ഒന്നിലധികം തവണ പരാമര്‍ശിച്ചിരുന്നു. ഇന്ന് ഇത് കൂടുതല്‍ യാഥാര്‍ഥ്യമായതായി തോന്നുന്നു. 1986 ല്‍ ലെബനോനില്‍ ബന്ദിയാക്കപ്പെട്ട ഇസ്രായിലി പൈലറ്റ് റോണ്‍ അറാദിന് സമാനമായ വിധിയാണ് ഇസ്രായിലി ബന്ദികള്‍ക്ക് നേരിടേണ്ടിവരുന്നതെന്ന് ഒന്നിലധികം പ്രസംഗങ്ങളില്‍ അബൂഉബൈദ പറഞ്ഞു.
ബന്ദിയാക്കപ്പെട്ടയ ശേഷം റോണ്‍ അറാദിനെ കുറിച്ച എല്ലാ വിവരങ്ങളും നഷ്ടപ്പെടുകയായിരുന്നു. ഇയാള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. ബന്ദികളെ ജീവനോടെ നിലനിര്‍ത്താനുള്ള കഴിവ് ഹമാസിന് നഷ്ടപ്പെട്ടു തുടങ്ങിയോ എന്ന ചോദ്യങ്ങളുടെ വെളിച്ചത്തില്‍ അബൂഉബൈദയുടെ ഈ മുന്നറിയിപ്പ് യാഥാര്‍ഥ്യമാകാന്‍ തുടങ്ങിയെന്ന് തോന്നുന്നു.
ഇസ്രായിലി സൈന്യത്തിന്റെ കരയാക്രമണത്തിന്റെയും വ്യോമാക്രമണത്തിന്റെയും ഫലമായും ഉപരോധം, കൂട്ടക്കുരുതി, നാശം, യുദ്ധം, ബന്ദികളും അവരെ ബന്ദികളാക്കിയവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന പട്ടിണി എന്നിവ മൂലമുള്ള ജീവിത സാഹചര്യങ്ങളുടെ ഫലമായും നിരവധി ഇസ്രായിലി ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. എത്ര ഇസ്രായിലി ബന്ദികള്‍ കൊല്ലപ്പെട്ടു എന്നതിന്റെ കൃത്യമായ കണക്കുകള്‍ നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുകളില്‍ പരാമര്‍ശിച്ച കാരണങ്ങളാല്‍ അവരില്‍ നല്ലൊരു ഭാഗവും ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ഏതാനും ബന്ദികള്‍ കൊല്ലപ്പെട്ടതായി നേരത്തെ അല്‍ഖസ്സാം ബ്രിഗേഡ്‌സ് തന്നെ അറിയിച്ചിരുന്നു. ചില തടവുകാര്‍, പ്രത്യേകിച്ച് കഴിഞ്ഞ അഞ്ചു മാസങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമോ ഇസ്രായിലി ബോംബാക്രമണത്തില്‍ പരിക്കേറ്റതിന്റെ ഫലമായോ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു.
ഗാസയിലെ ചില പ്രദേശങ്ങളില്‍ ചികിത്സയുടെയും ഭക്ഷണത്തിന്റെയും അഭാവം മൂലവും ചിലര്‍ മരണപ്പെട്ടു. ഗാസയില്‍ 101 ഇസ്രായിലി ബന്ദികളാണ് ഇനിയും ശേഷിക്കുന്നത്. ഇതില്‍ പകുതി പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായിലി സുരക്ഷാ റിപ്പോര്‍ട്ടുകള്‍ കണക്കാക്കുന്നു.
ഇക്കാര്യത്തില്‍ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ കരാറിലെത്താതെ കടന്നുപോകുന്ന ഓരോ ദിവസവും ഇസ്രായിലിന് കൂടുതല്‍ ബന്ദികളെ നഷ്ടപ്പെടുമെന്ന് ഹമാസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ജീവിച്ചിരിക്കുന്ന ബന്ദികളെ സംരക്ഷിക്കുന്ന, ചില സാഹചര്യങ്ങളുടെ ഫലമായി കൊല്ലപ്പെടുകയോ മരണപ്പെടുകയോ ചെയ്ത ബന്ദികളുടെ മൃതദേഹങ്ങള്‍ സംരക്ഷിക്കുന്ന സെല്ലുകളെ ലക്ഷ്യമിട്ട് ഇസ്രായിലി സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തുന്നതിനാല്‍ ഇസ്രായിലി പൈലറ്റ് റോണ്‍ അറാദിന്റെ അതേ വിധി ചില ബന്ദികള്‍ നേരിടേണ്ടിവരും. ഈ സെല്ലുകള്‍ക്കും അല്‍ഖസ്സാം ബ്രിഗേഡ്‌സിലെ ചില സുരക്ഷാ വകുപ്പുകള്‍ക്കുമല്ലാതെ മറ്റാര്‍ക്കും ബന്ദികള്‍ എവിടെയൊക്കെയാണെന്ന് അറിയില്ല. ജീവനോടെയുള്ള ബന്ദികളെ സംരക്ഷിച്ചുകൊണ്ടിരുന്ന പലരെയും ഇസ്രായിലി സൈന്യം ലക്ഷ്യമിട്ടു.
രാഷ്ട്രീയവും സൈനികവുമായ തലങ്ങളില്‍ ഇസ്രായിലി ഗവണ്‍മെന്റ് വീമ്പിളക്കുന്ന സൈനിക സമ്മര്‍ദമാണ് നിരവധി ഇസ്രായിലി ബന്ദികളുടെ ജീവന്‍ അപഹരിച്ചത്. ശേഷിക്കുന്ന ബന്ദികളുടെ ജീവന്റെ കാര്യത്തിലുള്ള ഉത്തരവാദിത്തം ബെഞ്ചമിന്‍ നെതന്യാഹു ഗവണ്‍മെന്റ് വഹിക്കണം. റോണ്‍ അറാദിന്റെ വിധി ഇവരും നേരിട്ടേക്കാം. ബന്ദികളാക്കിയ ചില ഗ്രൂപ്പുകള്‍ക്ക് തങ്ങളുടെ ബന്ദികളുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്ന വസ്തുത മറച്ചുവെക്കാനാകില്ല. ഈ ബന്ദികള്‍ക്ക് എന്ത് സംഭവിച്ചു എന്ന കാര്യം അറിയില്ല. അതുകൊണ്ടുതന്നെ ഉടന്‍ വെടിനിര്‍ത്തല്‍ കരാറിലെത്താത്ത സാഹചര്യത്തില്‍ 1986 ല്‍ ലെബനില്‍ ഇസ്രായിലി പൈലറ്റ് നേരിട്ട അതേ വിധി ഗാസയിലെ ഇസ്രായിലി ബന്ദികള്‍ക്കും നേരിടേണ്ടിവന്നേക്കാം. അതായത് അവര്‍ക്ക് എന്ത് സംഭവിച്ചു എന്ന കാര്യം എക്കാലവും അജ്ഞാതമായി മാറിയേക്കും.
2023 നവംബര്‍ അവസാനത്തില്‍ ‘മാനുഷികത’ എന്ന പേരില്‍ ഹമാസ് ആദ്യ കരാറില്‍ ഏര്‍പ്പെടുകയും ഇതിന്റെ ഭാഗമായി 50 ലേറെ ഇസ്രായിലി ബന്ദികളെ വിട്ടയക്കുകയും ചെയ്തു. കരാറിന്റെ ഭാഗമായി ഇസ്രായില്‍ 150 ലേറെ ഫലസ്തീനികളെയും വിട്ടയച്ചു. ഇതില്‍ ഭൂരിഭാഗവും 18 വയസിന് താഴെയുള്ള കുട്ടികളും സ്ത്രീകളും നിസാര ശിക്ഷകള്‍ ലഭിച്ച തടവുകാരുമായിരുന്നു. വെടിനിര്‍ത്തലിന്റെ ഏഴാം ദിവസം പത്തു തടവുകാരെ കൂടി വിട്ടയക്കാമെന്ന ബാധ്യതകള്‍ നിറവേറ്റാന്‍ ഹമാസിന് സാധിച്ചില്ല. ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ട് കാരണം കൂടുതല്‍ ബന്ദികളെ കണ്ടെത്താനും ബന്ദികളാക്കിയ സംഘങ്ങളുമായി ആശയവിനിമയം നടത്താനും രണ്ടു ദിവസത്തെ സാവകാശം കൂടി ഹമാസ് ആവശ്യപ്പെട്ടു.
ഇത് ഇസ്രായില്‍ നിരാകരിക്കുകയും യുദ്ധം പുനരാരംഭിക്കുകയുമായിരുന്നു. ആ കാലഘട്ടത്തില്‍ ആശയവിനിമയം വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറഞ്ഞ തോതില്‍ ആശയവിനിമയം സാധ്യമാണ്. എന്നാല്‍ ആശയവിനിമയം പൂര്‍ണമായും നഷ്ടപ്പെട്ട ചില ഗ്രൂപ്പുകളുണ്ട്. ഇസ്രായിലി ആക്രമണങ്ങളുടെ തുടര്‍ച്ചയുടെ വെളിച്ചത്തില്‍ മറ്റു ഗ്രൂപ്പുകളുമായുള്ള ആശയവിനിമയവും ഇതേപോലെ പൂര്‍ണമായും തടസ്സപ്പെട്ടേക്കാം.
ബന്ദികളെ സംരക്ഷിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നുവെന്ന് ഹമാസ് ഭയക്കുന്നുണ്ട്. സെപ്റ്റംബര്‍ അവസാനത്തില്‍ റഫയില്‍ ഹമാസ് നേതാവ് യഹ്‌യ അല്‍സിന്‍വാര്‍ കൊല്ലപ്പെടുന്നതിനു മുമ്പ് ഒളിച്ചുകഴിഞ്ഞിരുന്ന തുരങ്കത്തില്‍ ഇസ്രായിലി സൈനികര്‍ എത്തുന്നതിനു തൊട്ടുമുമ്പ് ആറു ബന്ദികളെ ഹമാസ് കൊലപ്പെടുത്തിയത് ഹമാസിന്റെ ഈയവസ്ഥ വിശദീകരിക്കുന്നു.
ഹമാസ് സൈനിക നേതാക്കളെ ഇസ്രായില്‍ ലക്ഷ്യമിടുന്നത് തുടരുന്നതിനാല്‍ ബന്ദികളുടെ സംരക്ഷണം താഴ്ന്ന റാങ്കിലുള്ള ഫീല്‍ഡ് നേതാക്കളിലേക്കും പോരാളികളിലേക്കും മാറ്റാന്‍ ഹമാസ് നിര്‍ബന്ധിതമായി. ഈയാളുകളെ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നത് ബന്ദികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള സുരക്ഷാ ശേഷി കൂടുതല്‍ സങ്കീര്‍ണമാക്കിയതായി ഹമാസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
ബന്ദികള്‍ കഴിയുന്ന സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തിയതിനാല്‍ ബന്ദികളെ പലതവണ സ്ഥലംമാറ്റാനും കൊല്ലപ്പെട്ടവരെയും മരണപ്പെട്ടവരെയും വ്യത്യസ്ത സ്ഥലങ്ങളില്‍ മറവു ചെയ്യാനും ഹമാസ് നിര്‍ബന്ധിതമായി. ചിലരെ തുരങ്കങ്ങളിലാണ് മറവു ചെയ്തത്. ഈ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വലിയ തോതില്‍ ഭൂമി കുഴിച്ചുനോക്കേണ്ടതുണ്ട്. ഇത് തടവുകാരെയും ബന്ദികളെയും പരസ്പരം കൈമാറാനുള്ള പുതിയ കരാര്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.
ജീവിച്ചിരിക്കുന്ന തടവുകാരെ ഹമാസ് ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഭൂരിഭാഗവും സൈനികരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ്. അവര്‍ക്ക് പകരമായി ധാരാളം ഫലസ്തീന്‍ തടവുകാരുടെ മോചനം ഉറപ്പാക്കാന്‍ ഹമാസിന് കഴിയും. പന്ത് ഇപ്പോള്‍ ഇസ്രായിലിന്റെ കോര്‍ട്ടിലാണ്. ഒന്നുകില്‍ നെതന്യാഹു ഗവണ്‍മെന്റ് തങ്ങളുടെ കടുത്ത വ്യവസ്ഥകള്‍ ഉപേക്ഷിക്കുകയും ഹമാസിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കുകയും ചെയ്യണം. അതല്ലെങ്കില്‍ ബന്ദി മോചന കരാറുണ്ടാക്കുന്നതില്‍ ഗവണ്‍മെന്റ് കാണിക്കുന്ന അനാസ്ഥയുടെ വെളിച്ചത്തില്‍ ബന്ദികള്‍ അജ്ഞാതമായ വിധി നേരിടേണ്ടിവരികയും മക്കളെ തിരികെ ലഭിക്കുമെന്ന കുടുംബങ്ങളുടെ പ്രതിക്ഷ നഷ്ടപ്പെടുകയും ചെയ്യുന്നതിന്റെ ഫലമായി ഇസ്രായില്‍ ഗവണ്‍മെന്റിന് ആഭ്യന്തരമായി തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഹമാസുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ശൈത്യകാലത്തോടെ കൂടുതല്‍ ബന്ദികളെ നഷ്ടപ്പെടുമെന്ന് ബന്ദി കൈമാറ്റ, വെടിനിര്‍ത്തല്‍ ചര്‍ച്ചാ സംഘത്തിലെ ഇസ്രായിലി സൈനിക പ്രതിനിധി ജനറല്‍ നിറ്റ്‌സാന്‍ അലോണ്‍ കഴിഞ്ഞ ബുധനാഴ്ച ഇസ്രായിലി രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സമയം അതിക്രമിച്ചിരിക്കുന്നു, തട്ടിക്കൊണ്ടുപോയവരുടെ സ്ഥിതി കൂടുതല്‍ വഷളാകുന്നു, ഇതിലും കൂടുതല്‍ സഹിക്കാന്‍ അവര്‍ക്ക് കഴിയില്ല, കരാറിലെത്തിച്ചാരുള്ള നിലവിലെ അവസരം പ്രയോജനപ്പെടുത്തണം – നെതന്യാഹു ഗവണ്‍മെന്റിന് അയച്ച കത്തില്‍ നിറ്റ്‌സാന്‍ അലോണ്‍ പറഞ്ഞു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും ബന്ദി കൈമാറ്റ ഉടമ്പടിക്ക് ഹമാസ് ആണ് പ്രതിബന്ധം സൃഷ്ടിക്കുന്നതെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ അടക്കമുള്ള അമേരിക്കന്‍ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതായും ഇസ്രായിലി പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.