ഗാസ – ദേശീയ പ്രസിഡന്റ്, നിയമനിര്‍മാണ തലങ്ങള്‍ അടക്കം എല്ലാ തലങ്ങളിലും പൊതുതെരഞ്ഞെടുപ്പുകള്‍ നടക്കുന്നതു വരെ ഗാസയുടെ ഭരണത്തിന് സ്വതന്ത്ര കമ്മ്യൂണിറ്റി സപ്പോര്‍ട്ട് കമ്മിറ്റി രൂപീകരിക്കാനുള്ള സന്നദ്ധത ഹമാസ് അറിയിച്ചു. ഹമാസ് നേതൃത്വ സമിതി തലവന്‍ മുഹമ്മദ് ദര്‍വീശിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കയ്റോയില്‍ ഈജിപ്ഷ്യന്‍ ജനറല്‍ ഇന്റലിജന്‍സ് സര്‍വീസ് മേധാവി ഹസന്‍ റശാദുമായി കൂടിക്കാഴ്ച നടത്തി വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിനെ കുറിച്ചും വെടിനിര്‍ത്തല്‍ കരാറിന്റെ വിവിധ ഘട്ടങ്ങളില്‍ ഫലസ്തീന്‍ തടവുകാരെയും ഇസ്രായിലി ബന്ദികളെയും പരസ്പരം കൈമാറുന്നതിനെ കുറിച്ചും ക്രിയാത്മക മനോഭാവത്തോടെ ചര്‍ച്ച ചെയ്തതായി ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
കരാറിലെ എല്ലാ നിബന്ധനകളും പാലിക്കേണ്ടതിന്റെയും രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കേണ്ടതിന്റെയും അതിർത്തി ചെക് പോസ്റ്റുകൾ തുറക്കേണ്ടതിന്റെയും അനിവാര്യത യോഗം ചർച്ച ചെയ്തു. നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ ദുരിതാശ്വാസ സാധനങ്ങള്‍ ഗാസയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കേണ്ടതിന്റെയും ആവശ്യകത ഈജിപ്ഷ്യന്‍ ജനറല്‍ ഇന്റലിജന്‍സ് സര്‍വീസ് മേധാവിയുമായി നടത്തിയ ചര്‍ച്ചയില്‍ ഹമാസ് പ്രതിനിധി സംഘം വ്യക്താക്കി. ഈജിപ്ത് നിര്‍ദേശിച്ചതു പ്രകാരം കമ്മ്യൂണിറ്റി സപ്പോര്‍ട്ട് കമ്മിറ്റി ഗാസ ഭരണം ഏറ്റെടുക്കുന്നതിന് ഹമാസ് സമ്മതം അറിയിച്ചതായി ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവിയുടെ മാധ്യമ ഉപദേഷ്ടാവ് താഹിര്‍ അല്‍നൂനു ഇന്നലെ പ്രസ്താവിച്ചിരുന്നു.
അതേസമയം, ജനുവരി 19 ന് ആരംഭിച്ച ഗാസ വെടിനിര്‍ത്തല്‍ തുടരുന്നതിനെ കുറിച്ച് അന്താരാഷ്ട്ര മധ്യസ്ഥരുമായി ചര്‍ച്ച ചെയ്യാന്‍ ഇസ്രായില്‍ പ്രതിനിധി സംഘത്തെ തിങ്കളാഴ്ച ദോഹയിലേക്ക് അയക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. അമേരിക്കന്‍ പിന്തുണയുള്ള മധ്യസ്ഥരുടെ ക്ഷണം ഇസ്രായില്‍ സ്വീകരിക്കുന്നു. ചര്‍ച്ചകളുമായി മുന്നോട്ട് പോവുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച ദോഹയിലേക്ക് പ്രതിനിധി സംഘത്തെ അയക്കും – നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. റമദാന്‍ മാസത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഒരു കരാറിലും എത്തിയിട്ടില്ലെന്ന് ഇസ്രായിലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായിലി പത്രമായ ഹാരെറ്റ്‌സ് പറഞ്ഞു.