റിയാദ്- റിയാദ് മെട്രോയുടെ ഗ്രീന്‍ ട്രാക്കിലെ മിനിസ്ട്രി ഓഫ് ഫിനാന്‍സ് സ്റ്റേഷന്‍ (ബത്ഹ സൗദി പോസ്റ്റ് ഓഫീസ്) ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങി. രാവിലെ മുതല്‍ മെട്രോ ഇവിടെ നിന്ന് സര്‍വീസ് തുടങ്ങി. സുലൈമാനിയ ഭാഗത്ത് നിന്ന് കിംഗ് അബ്ദുല്‍ അസീസ് റോഡിന് സമാന്തരമാണ് ഗ്രീന്‍ മെട്രോ സര്‍വീസ് നടത്തുന്നത്.
ഇതുവരെ കിംഗ് അബ്ദുല്‍ അസീസ് ഐ ഹോസ്പിറ്റല്‍ വരെ മാത്രമേ ഗ്രീന്‍ മെട്രോ ഓടിയിരുന്നുള്ളൂ. ബത്ഹയില്‍ ഈ മെട്രോ മ്യൂസിയം സ്‌റ്റേഷനുമായാണ് ബന്ധിപ്പിക്കുന്നത്. എന്നാല്‍ ഈ സ്റ്റേഷന്റെ പ്രവര്‍ത്തനം അടുത്താഴ്ചയാണ് ആരംഭിക്കുക.
അതേസമയം റിയാദ് മെട്രോക്ക് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. രാവിലെയും വൈകുന്നേരവും യാത്രക്കാരുടെ ബാഹുല്യമുണ്ട്. നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ഏറെക്കുറെ ഈ സര്‍വീസ് പരിഹാരമാവുമെന്നാണ് വിലയിരുത്തല്‍.