കോഴിക്കോട്: മലയാളികളുടെ അക്ഷരപുണ്യം എം ടി വാസുദേവന്‍ നായര്‍ക്ക് (91 അന്ത്യനിദ്ര. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. അന്ത്യ ചടങ്ങിൽ മന്ത്രിമാരടക്കമുള്ള നിരവധി ജനപ്രതിനിധികൾ സന്നിഹിതരായിരുന്നു. കൃത്യം 5.23 ന് എം ടി വാസുദേവന്‍ നായര്‍ എന്ന സാഹിത്യ കുലപതി നിത്യതയിലേക്ക് നീങ്ങി. വൈകീട്ട് 4.35 ന് കൊട്ടാരം റോഡിലെ ‘സിതാര’യില്‍ നിന്ന് ആംബുലന്‍സില്‍ പുറപ്പെട്ട ഭൗതികദേഹം നടക്കാവ് ബേങ്ക് റോഡ് കെ എസ് ആര്‍ ടി സി വഴി സ്മൃതിപഥത്തില്‍ എത്തി േച്ചര്‍ന്നപ്പോള്‍ സമയം 4.45.
കാത്തിരുന്ന നൂറുക്കണക്കിന് പേരുടെ മൗനവിലാപങ്ങള്‍ക്കിടയില്‍ ‘സ്മൃതിപഥ’ത്തിന്റെ മുറ്റത്ത് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ശേഷം ഭൗതിക ശരീരം ഉള്ളിലേക്കെടുത്തു. അന്ത്യകര്‍മങ്ങള്‍ക്ക് എം ടിയുടെ മൂത്ത സഹോദരന്‍ പരേതനായ ഗോവിന്ദന്‍കുട്ടി നായരുടെ മകന്‍ ടി സതീശന്‍ നേതൃത്വം നല്‍കി. അടുത്ത ബന്ധുക്കളായ എം ടി രാജീവ്, എം ടി രാമകൃഷ്ണന്‍, മോഹനന്‍ നായര്‍, ദീപു മോഹന്‍ എന്നിവരും മകള്‍ അശ്വതിയും മൃതദേഹത്തെ വലംവെച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, കെ കൃഷ്ണന്‍ കുട്ടി കെ എന്‍ ബാലഗോപാല്‍ എ കെ ശശീന്ദ്രന്‍, പി രാജീവ്, എം ബി രാജേഷ്, പി പ്രസാദ്, ഡി ജി പി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, സംവിധായകരായ സിബി മലയില്‍, കമല്‍, വി എം വിനു, ജയരാജ്, ഹരിഹരന്‍, നടന്‍ വിനീത്, സാവിത്രി ശ്രീധരന്‍, കുട്ട്യേടത്തി വിലാസിനി, മോഹന്‍ലാല്‍, ദുര്‍ഗ കൃഷ്ണ, സുരാജ്, ഹരീഷ് കണാരന്‍,പ്രേം കുമാര്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ഇ പി ജയരാജന്‍, പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍,എം പി മാരായ എം കെ രാഘവന്‍ ഷാഫി പറമ്പില്‍, മേയര്‍ ബീന ഫിലിപ്പ്,ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, എം വി ഗോവിന്ദന്‍, പി ജയരാജന്‍, എ എന്‍ ഷംസീര്‍, ശ്രീകുമാര്‍ മേനോന്‍, പി എസ് ശ്രീധരന്‍ പിള്ള, ടി വി ബാലന്‍, സിദ്ദിഖ് , സത്യന്‍ അന്തിക്കാട്, ഡിസി രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ലിബര്‍ട്ടി ബഷീര്‍, സാറാ ജോസഫ്, എം മുകുന്ദന്‍, ആലങ്കോട് ലീല കൃഷ്ണന്‍, ഷാഫി പറമ്പില്‍, കെ കെ രമ, അംബികാസുതന്‍ മാങ്ങാട് തുടങ്ങിയവര്‍ അന്തമോപചാരം അര്‍പ്പിക്കാനെത്തി.