ജിദ്ദ – ഹജ്, ഉംറ സീസണ്‍ വിസകള്‍ വില്‍ക്കുന്നവര്‍ക്ക് വിസയൊന്നിന് 50,000 റിയാല്‍ തോതില്‍ പിഴ ചുമത്താന്‍ ഉന്നതാധികൃതര്‍ നിര്‍ദേശിച്ചു. ഹജ്, ഉംറ സീസണ്‍ വിസ മറ്റു ആവശ്യങ്ങള്‍ക്ക് ദുരുപയോഗിക്കുന്നവര്‍ക്കും വിസ മറ്റുള്ളവര്‍ക്ക് കൈമാറുന്നവര്‍ക്കും ഇതേ തുക പിഴ ലഭിക്കും. ഹജ്, ഉംറ സേവനവുമായി ബന്ധപ്പെട്ട താല്‍ക്കാലിക ജോലി കരാറുകള്‍ക്കുള്ള ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇത്തരക്കാര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. കൂടാതെ നിയമ ലംഘനം നടത്തുന്നതിലൂടെ സമ്പാദിച്ച മുഴുവന്‍ തുകക്കും തുല്യമായ തുക സര്‍ക്കാര്‍ ഖജനവാവില്‍ അടക്കാനും നിയമ ലംഘകരെ നിര്‍ബന്ധിക്കും.
ഹജ്, ഉംറ സീസണ്‍ വിസാ അപേക്ഷക്കൊപ്പം ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കുന്ന വിലാസം, വിവരങ്ങള്‍, രേഖകള്‍ എന്നിവ ശരിയല്ലെന്ന് തെളിഞ്ഞാല്‍ 15,000 റിയാലില്‍ കവിയാത്ത തുകയും നിയമ ലംഘകര്‍ക്ക് പിഴ ചുമത്തും. ഹജ്, ഉംറ സീസണുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഹജ്, ഉംറ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി എന്നിവയെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനും ഉന്നതാധികൃതര്‍ നിര്‍ദേശിച്ചു.
ഹജ്, ഉംറ സീസണ്‍ വിസ കൂടുതല്‍ എളുപ്പമാക്കുന്ന നിലക്ക് ഇതുമായി ബന്ധപ്പെട്ട പരിഷ്‌കരിച്ച നിയമാവലി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. താല്‍ക്കാലിക തൊഴില്‍ വിസ, ഹജ്, ഉംറ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വിസ നിയമാവലിയാണ് മന്ത്രിസഭ അംഗീകരിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കും തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കും അനുസൃതമായി താല്‍ക്കാലിക തൊഴില്‍ വിസകള്‍ പ്രയോജനപ്പെടുത്താന്‍ പരിഷ്‌കരിച്ച നിയമാവലി സ്വകാര്യ മേഖലക്ക് കൂടുതല്‍ അവസരം നല്‍കുന്നു.
താല്‍ക്കാലിക വിസ അനുവദിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതി പത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. വിസാ കാലാവധി തത്തുല്യ കാലത്തേക്ക്, അതായത് അധികമായി 90 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ നിയമാവലിയില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ വഴക്കം നല്‍കുന്നു. ഹജ്, ഉംറ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വിസയില്‍ രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് 180 ദിവസത്തില്‍ കവിയാത്ത നിലക്ക് ശഅബാന്‍ മാസം 15 മുതല്‍ മുഹറം അവസാനം വരെയായി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. താല്‍ക്കാലിക തൊഴില്‍ വിസയില്‍ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരരക്ഷ ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാണ്. വിദേശങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ വഴി വിസ അനുവദിക്കുന്നതിനു മുമ്പായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കണം.