ജിദ്ദ – സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ക്ക് 20,000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ ട്രെയിനുകളില്‍ വിലക്കും വ്യവസ്ഥ ചെയ്യുന്ന പരിഷ്‌കരിച്ച നിയമാവലി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാർ അടക്കമുള്ള യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ട്രെയിനുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നിയമാവലി പരിഷ്‌കരിച്ചിരിക്കുന്നത്.
പരിശോധനക്കിടെ സാധുവായ ടിക്കറ്റ് ഹാജരാക്കാതിരിക്കുന്നതിന് ആദ്യ തവണ 200 റിയാല്‍ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിച്ച് കുടുങ്ങുന്നവര്‍ക്ക് 800 റിയാല്‍ വരെ പിഴ ചുമത്തും. കൂടാതെ ഇത്തരക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് ട്രെയിന്‍ സര്‍വീസുകളില്‍ വിലക്കേര്‍പ്പെടുത്തും. കണ്‍സെഷന്‍ ടിക്കറ്റുമായി ബന്ധപ്പെട്ട അവകാശം തെളിയിക്കുന്ന രേഖകളോ തിരിച്ചറിയല്‍ കാര്‍ഡുകളോ സമര്‍പ്പിക്കാത്തവര്‍ക്കും ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും അനുബന്ധ സൗകര്യങ്ങളിലും സൈക്കിളുകളും സ്‌കേറ്റിംഗ് ബോര്‍ഡുകളും ഉപയോഗിക്കുന്നവര്‍ക്കും ഇതേ ശിക്ഷകളാണ് ലഭിക്കുക.
സീറ്റുകളില്‍ ലഗേജുകള്‍ വെക്കുന്നതിനും ഇടനാഴികള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കും ആദ്യ തവണ 100 റിയാല്‍ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 400 റിയാല്‍ വരെ പിഴ ചുമത്തും. ഇത്തരക്കാരില്‍ നിന്നും ടിക്കറ്റ് നിരക്കും ഈടാക്കും. ഒരു വര്‍ഷത്തിനിടെ ഇതേ നിയമ ലംഘനം മൂന്നു തവണ നടത്തി കുടുങ്ങുന്നവര്‍ക്ക് ട്രെയിന്‍ സര്‍വീസുകളില്‍ മൂന്നു മാസം വിലക്കേര്‍പ്പെടുത്തും. ട്രെയിനുകളില്‍ നിരോധിത സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് 200 റിയാല്‍ പിഴ ചുമത്തും. ഒരു കൊല്ലത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് ട്രെയിനുകളില്‍ മൂന്നു മാസം വിലക്കേര്‍പ്പെടുത്തും. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊടുക്കാന്‍ വിസമ്മതിക്കുന്നവരെ ട്രെയിനുകളില്‍ നിന്ന് പുറത്തിറക്കി പോലീസിന് കൈമാറും. സമാന നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് മൂന്നു മാസം വിലക്കുണ്ടാകും.
സുരക്ഷാ, എമര്‍ജന്‍സി ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ആദ്യ തവണ 400 റിയാല്‍ പിഴ ചുമത്തി ടിക്കറ്റ് നിരക്ക് ഈടാക്കും. നിയമ ലംഘം ആവര്‍ത്തിക്കുന്നവര്‍ക്ക് 800 റിയാല്‍ പിഴ ചുമത്തും. ഒരു കൊല്ലത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് ആറു മാസത്തേക്ക് സേവനം വിലക്കും. കൈകളും കാലുകളും ശരീര ഭാഗങ്ങളും മറ്റെന്തെങ്കിലും വസ്തുക്കളും ട്രെയിനുകളുടെ ജനലുകളും വാതിലുകളും വഴി പുറത്തേക്കിടുന്നവര്‍ക്ക് 300 റിയാല്‍ മുതല്‍ 900 റിയാല്‍ വരെയാണ് പിഴ ചുമത്തുക. ഇവരില്‍ നിന്ന് ടിക്കറ്റ് നിരക്കും ഈടാക്കും.
ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തി കുടുങ്ങുന്നവര്‍ക്ക് രണ്ടു മാസം സേവന വിലക്കും 20,000 റിയാല്‍ പിഴയും ലഭിക്കും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണയില്‍ കൂടുതല്‍ നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തുമെന്നും കൂടുതല്‍ ദീര്‍ഘ കാലത്തേക്ക് ട്രെയിന്‍ സര്‍വീസുകളില്‍ വിലക്കേര്‍പ്പെടുത്തുമെന്നും നിയമാവലി വ്യക്തമാക്കുന്നു.