ബെയ്റൂത്ത് – ലെബനോനില്‍ കരയാക്രമണത്തിന് തുടക്കം കുറിച്ച ഇസ്രായിലിന് കനത്ത തിരിച്ചടി നല്‍കി ഹിസ്ബുല്ല. ദക്ഷിണ ലെബനോനില്‍ വിവിധ ഗ്രാമങ്ങളിലുണ്ടായ ശക്തമായ ഏറ്റുമുട്ടലുകളില്‍ തങ്ങളുടെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സ്ഥിരീകരിച്ചു. നേരത്തെ ഒരു സൈനികനും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് ഇസ്രായില്‍ അറിയിച്ചിരുന്നത്. ഇസ്രായില്‍ സൈന്യം നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അല്‍അദീസ, മാരോണ്‍ അല്‍റാസ് ഗ്രാമങ്ങളില്‍ കനത്ത ചെറുത്തുനില്‍പാണ് ഹിസ്ബുല്ല പോരാളികള്‍ നടത്തിയത്. ഹിസ്ബുല്ല പോരാളികളെ തുരത്താന്‍ ഇസ്രായില്‍ പീരങ്കികള്‍ പ്രദേശത്ത് ശക്തമായ ബോംബാക്രമണം നടത്തി.
അതിര്‍ത്തിയിലെ യാരോണ്‍ ഗ്രാമത്തില്‍ ഇസ്രായിലി സൈനികരെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനം നടത്തിയതായി ഹിസ്ബുല്ല പറഞ്ഞു. അല്‍അദീസ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഇസ്രായില്‍ സൈനികര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാരോണ്‍ അല്‍റാസ് ഗ്രാമത്തില്‍ ഹിസ്ബുല്ല കെണിയില്‍ കുടുങ്ങി രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ഹെലികോപ്റ്ററുകളില്‍ നീക്കം ചെയ്യുന്നതിന്റെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇസ്രായിലിലെ ഹൈഫ നഗരത്തിന് വടക്കുള്ള പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ശക്തമായ മിസൈല്‍ ആക്രമണം നടത്തിയതായും ഹിസ്ബുല്ല പറഞ്ഞു. ഇന്നത്തെ പോരാട്ടങ്ങളില്‍ ഇസ്രായില്‍ സൈനികരുടെ ഭാഗത്ത് വന്‍ ആള്‍നാശമുണ്ടായതായിട്ടുണ്ടെന്നും ഇക്കാര്യം ശത്രു മറച്ചുവെക്കുകയാണെന്നും ഹിസ്ബുല്ല മാധ്യമ ഉദ്യോഗസ്ഥന്‍ മുഹമ്മദ് അഫീഫ് പറഞ്ഞു. ഇന്ന് രാവിലെ നൂറോളം മിസൈലുകളാണ് ഉത്തര ഇസ്രായില്‍ ലക്ഷ്യമിട്ട് ഇരുപതു തവണയായി ഹിസ്ബുല്ല തൊടുത്തുവിട്ടത്.
അതേസമയം, ഇന്നലെ രാത്രി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇസ്രായില്‍ മന്ത്രിസഭ തീരുമാനിച്ചു. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കാനും ആക്രമണത്തിന്റെ സമയം നിശ്ചയിക്കാനും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും പ്രതിരോധ മന്ത്രി യുവാവ് ഗാലാന്റിനെയും മന്ത്രിസഭ ചുമതലപ്പെടുത്തി. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളുമായി ഏകോപനം നടത്തിയായിരിക്കണം ഇറാന് തിരിച്ചടി നല്‍കേണ്ടതെന്നും തീരുമാനമുണ്ട്.
ഇറാന്‍ ആക്രമണത്തിനു തൊട്ടു മുമ്പ് യാഫയില്‍ വെടിവെപ്പ് നടത്തിയത് വെസ്റ്റ് ബാങ്കിലെ ഹെബ്രോണില്‍ നിന്നുള്ള രണ്ടു ഫലസ്തീനി യുവാക്കളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നടത്തിയ വെടിവെപ്പില്‍ ഏഴു ഇസ്രായിലികള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതമാണ്. അക്രമികളെ ഇസ്രായിലി സൈന്യം പിന്നീട് വെടിവെച്ചുകൊന്നു.