കയ്റോ – ഫലസ്തീന് രാഷ്ട്രത്തെ രൂപപ്പെടുത്താനും എല്ലാ കക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാനും ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആത്തി. നല്ല ഉദ്ദേശ്യങ്ങളും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് കയ്റോയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിദേശ മന്ത്രി പറഞ്ഞു.
ഫലസ്തീന് രാഷ്ട്രമില്ലാതെ മേഖലയില്‍ സമാധാനമുണ്ടാകില്ല. ഗാസയില്‍ സൈനിക നടപടികള്‍ വിപുലീകരിക്കാനുള്ള നിരുത്തരവാദപരമായ തീരുമാനങ്ങള്‍ ഇസ്രായില്‍ നടപ്പിലാക്കുന്നത് തടയുന്നതിലാണ് ഇപ്പോള്‍ എല്ലാ ശ്രമങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. ജനനിബിഡമായ ഗാസ പൂര്‍ണമായും പിടിച്ചടക്കാനുള്ള ഇസ്രായിലിന്റെ ഭീഷണികളെ ഈജിപ്ത് നിരാകരിക്കുന്നു. ഗാസ വീണ്ടും കൈവശപ്പെടുത്താനുള്ള ഇസ്രായിലിന്റെ നിരുത്തരവാദപരമായ തീരുമാനങ്ങളുടെ അനന്തരഫലങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കാനായി അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ എല്ലാ പങ്കാളികളുമായും ഈജിപ്ത് ശക്തമായ ആശയവിനിമയങ്ങള്‍ നടത്തുന്നുണ്ട്.
ഗാസയിലേക്ക് സഹായം എത്തിക്കുന്നതിന് ഇസ്രായില്‍ സൈന്യം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ഗാസയിലെ സ്ഥിതി വളരെ വിനാശകരമാണ്. ഇസ്രായിലിന്റെ ആസൂത്രിതമായ കുറ്റകൃത്യങ്ങളും വംശഹത്യയും തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടു. ഗാസയിലേക്ക് സഹായം പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് മാനുഷിക ദുരന്തത്തിന് ഇസ്രായില്‍ കാരണമായി.
എത്യോപ്യയിലെ അന്നഹ്ദ അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് എത്യോപ്യയുടെ ഏകപക്ഷീയമായ ജലനയങ്ങള്‍ ഈജിപ്തിന് അസ്തിത്വ ഭീഷണിയാണ്. തങ്ങളുടെ ജലതാല്പര്യങ്ങള് സംരക്ഷിക്കാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഏത് നടപടിയും സ്വീകരിക്കാന്‍ ഈജിപ്ത് തയാറാണെന്നും വിദേശ മന്ത്രി പറഞ്ഞു. ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവോടെ 2011 ല്‍ എത്യോപ്യ അന്നഹ്ദ അണക്കെട്ടിന്റെ നിര്‍മാണം ആരംഭിച്ചു. നൈല്‍ ജലത്തില്‍ തങ്ങള്‍ക്കുള്ള ചരിത്രപരമായ അവകാശങ്ങള്‍ക്കുള്ള ഭീഷണിയായി അന്നഹ്ദ അണക്കെട്ടിനെ ഈജിപ്ത് കണക്കാക്കുന്നു.