കുവൈത്ത് സിറ്റി: കുവൈത്ത് സുരക്ഷാ വകുപ്പുകൾ നടത്തിയ ശക്തമായ റെയ്ഡുകളിൽ കോടിക്കണക്കിന് കുവൈത്തി ദിനാർ വിലമതിക്കുന്ന ലഹരിമരുന്ന് ശേഖരങ്ങളുമായി 31 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ കുവൈത്തി പൗരന്മാർ, അറബ്, ഏഷ്യൻ വംശജർ, പൗരത്വമില്ലാത്ത ബിദൂൻ വിഭാഗക്കാർ എന്നിവർ ഉൾപ്പെടുന്നു.
7,100 കിലോഗ്രാം ഹഷീഷ്, 5,350 കിലോഗ്രാം അതിമാരക രാസലഹരിവസ്തുക്കൾ, 3,800 കിലോഗ്രാം മരിജുവാന, 2,100 കിലോഗ്രാം ഹെറോയിൻ, 273 ഗ്രാം കൊക്കെയ്‌ൻ, 250 കിലോഗ്രാം ലിറിക്ക പൗഡർ, 500 മില്ലിലിറ്റർ കെമിക്കൽ ഓയിൽ, 25,000 ലിറിക്ക കാപ്സ്യൂളുകൾ, 2,000 സൈക്കോട്രോപിക് ഗുളികകൾ, എട്ട് തോക്കുകൾ, വെടിയുണ്ടകൾ എന്നിവ പ്രതികളിൽനിന്ന് പിടിച്ചെടുത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
പിടിച്ചെടുത്ത തൊണ്ടിസാധനങ്ങൾ സഹിതം പ്രതികളെ നിയമനടപടികൾക്കായി മയക്കുമരുന്ന്, മദ്യ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തതായി മന്ത്രാലയം അറിയിച്ചു.