ദുബായ്: ദുബായ് ക്രീക്ക് ഹാർബറിലെ ഒരു കെട്ടിടത്തിന് മുകളിൽ ഡ്രോൺ വീണതായി ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. ഇന്ന് (2026 മാർച്ച് 12, വ്യാഴാഴ്ച) പുലർച്ചെ ഏകദേശം 2:45-ഓടെയാണ് സംഭവം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അധികൃതർ കെട്ടിടത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. ഡ്രോൺ വീണതിനെത്തുടർന്ന് കെട്ടിടത്തിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായെങ്കിലും, മിനിറ്റുകൾക്കുള്ളിൽ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.


കഴിഞ്ഞ ദിവസം (മാർച്ച് 11, ബുധനാഴ്ച) ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) സമീപം രണ്ട് ഡ്രോണുകൾ വീണതിന് പിന്നാലെയാണ് ഈ പുതിയ സംഭവം. ബുധനാഴ്ചയുണ്ടായ അപകടത്തിൽ രണ്ട് ഘാന സ്വദേശികൾക്കും ഒരു ബംഗ്ലാദേശ് സ്വദേശിക്കും നിസാര പരിക്കേറ്റിരുന്നു. കൂടാതെ ഒരു ഇന്ത്യൻ പൗരന് ഗുരുതരമായ രീതിയിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.



