കഴിഞ്ഞ ദിവസമാണ് മലയാളിയായ ഒരാൾ പരിശോധനക്കായി എത്തിയത്. അഞ്ചോ ആറോ മാസം മുമ്പ് അദ്ദേഹം എന്നെ കാണാനെത്തിയിരുന്നു. തീർത്തും അവശനായിട്ടാണ് അദ്ദേഹം വാതിൽ തുറന്ന് അകത്തെത്തിയത്. ഒറ്റനോട്ടത്തിൽ തന്നെ ഷുഗർ ലെവൽ അത്യധികം മോശമായ അവസ്ഥയിൽ എത്തിയിട്ടുണ്ടെന്ന് മനസിലായി. മുഖത്തെ ക്ഷീണം അക്കാര്യം വിളിച്ചു പറയുന്നുണ്ട്. നേരത്തെ എന്നെ കാണാൻ വന്നപ്പോഴും അത്യാവശ്യം ഷുഗറുണ്ടായിരുന്നു.
ഷുഗറിനുള്ള മരുന്ന് കഴിക്കുന്നത് നിർത്തിവെച്ചിട്ട് നാലുമാസമായെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ഷുഗർ രോഗികൾക്ക് അതൊരു പതിവാണ്. എത്രയൊക്കെ പറഞ്ഞാലും മരുന്ന് കഴിക്കില്ല. ഒരിക്കൽ കഴിച്ചാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരുമെന്ന് പറഞ്ഞ് ഷുഗറിനും പ്രഷറിനുമുള്ള ഗുളിക മാറ്റിവെക്കുകയാണ് പതിവ്. ഇതൊരു സ്ഥിരം കാഴ്ച ആയതിനാൽ ഞാൻ അദ്ദേഹത്തെ സാമാന്യം രൂക്ഷമായി തന്നെ വഴക്കു പറഞ്ഞു.
എന്റെ ചീത്ത പറയൽ നടന്നുകൊണ്ടിരിക്കെ അയാളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഡോക്ടറേ, ഒൻപതുമാസമായി ശമ്പളം ലഭിച്ചിട്ട്. മരുന്നു വാങ്ങാൻ പോയിട്ട് ഭക്ഷണം കഴിക്കാൻ പണമില്ല. മുറിയിലുണ്ടായിരുന്ന എ.സിയുടെ കംപ്രസർ അഴിച്ചുവിറ്റാണ് ഇന്ന് ഇങ്ങോട്ട് വന്നത്. വീട്ടിലേക്ക് പണം അയച്ചിട്ട് കുറെ മാസങ്ങളായി. നോമ്പിന് ഏതെങ്കിലും പള്ളിയിൽ പോയി വൈകിട്ട് നോമ്പു തുറക്കും. ആ നേരത്ത് ലഭിക്കുന്ന ഭക്ഷണത്തിൽനിന്ന് എന്തെങ്കിലും ബാക്കി വെച്ച് രാവിലെ അത്താഴത്തിന് കഴിക്കും. കണ്ണീരൊലിപ്പിച്ച് അയാൾ പറഞ്ഞുകൊണ്ടിരുന്നു.
നാടുനീളെ, പ്രത്യേകിച്ച് പ്രവാസി ലോകത്ത് നടക്കുന്ന ഇഫ്താറുകളുടെ ചിത്രങ്ങൾ എന്റെ കൺമുന്നിൽ തെളിഞ്ഞു. അവിടുത്തെ അതിഥികൾക്കായി ഒരുക്കിവെച്ച് ബാക്കിയായ ഭക്ഷണത്തിന്റെ നീണ്ടനിര കൺമുന്നിൽ തെളിഞ്ഞുവന്നു. ജിദ്ദയിൽ മാത്രം എത്ര ഇഫ്താറുകളാണ് ഓരോ ദിവസവും നടക്കുന്നത് എന്നോർത്തുള്ള അത്ഭുതം എനിക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നു. എല്ലാ ഇഫ്താറുകളിലും ഒരേ മുഖങ്ങൾ മാത്രം. ഇഫ്താർ ഒരുക്കുന്ന സംഘടനകൾക്ക് മാത്രമാണ് വ്യത്യാസം. പങ്കെടുക്കുന്നവരെല്ലാം ഒരേയാളുകൾ.
ഉയർന്ന ശമ്പളം വാങ്ങുന്നവരും ആഹാരത്തിനോ മറ്റോ ഒരു ബുദ്ധിമുട്ടുമില്ലാത്തവർ മാത്രമാണ് ഇഫ്താറുകളിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും. ഇഫ്താറുകൾ സംഘടിപ്പിക്കരുത് എന്നല്ല, പകരം പ്രയാസപ്പെടുന്ന ഒരു പത്തു പേരെയെങ്കിലും ഒരു ഇഫ്താറിലെങ്കിലും പങ്കെടുപ്പിക്കുക. അത്തരം മനുഷ്യർക്ക് അതുവഴി ലഭിക്കുന്ന സമാധാനം എത്രയോ വലുതായിരിക്കും.
മാധ്യമങ്ങളിൽ വാർത്ത വരാനും വി.ഐ.പികളുടെ സമൂഹ്യമാധ്യമങ്ങളിൽ ചിത്രങ്ങൾ വരാനുമാണ് എല്ലാവർക്കും താൽപര്യം. ഒരു നേരത്തെ ഭക്ഷണം കഴിക്കാനില്ലാത്തവരെ കണ്ടെത്തുക. അവരാണ് യഥാർത്ഥത്തിൽ ഇഫ്താറുകളുടെ അവകാശികൾ. പാവപ്പെട്ടവന്റെ നേരെ മുഖം തുറന്നുവെക്കാത്ത ഒരു ഇഫ്താറും ദൈവം സ്വീകരിക്കാനിടയില്ല.
എന്തിനാണ് ഇത്രയേറെ സംഘടനകൾ മത്സരിച്ച് ഇഫ്താറുകൾ നടത്തുന്നത് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരേ ആൾക്കാരെ മാത്രമാണ് ക്ഷണിക്കാനുള്ളത് എങ്കിൽ ഈ സംഘടനകൾക്ക് സംയുക്ത ഇഫ്താർ നടത്തിയാൽ പോരെ. എത്ര അദ്ധ്വാനവും പണവുമാണ് അതുവഴി ലാഭിക്കാനാകുക. ബാക്കി വരുന്ന പണം നമുക്കിടയിലെ തന്നെ പാവപ്പെട്ട പ്രവാസികൾക്കായി മാറ്റിവെക്കുക. ഒരു പ്രവാസിയും സങ്കടപ്പെടുന്നില്ലെന്ന് കരുതിയാണ് ഈ സംഘടനകൾ ഇഫ്താർ കാട്ടിക്കൂട്ടലുകൾ നടത്തുന്നതെങ്കിൽ അവരെയോർത്ത് കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല.
മൂന്നും നാലും തരത്തിലുള്ള ജ്യൂസുകളും ഒട്ടനവധി വിഭവങ്ങളുമാണ് ഓരോ ഇഫ്താറിലും കണ്ടു വരുന്നത്. ഓരോ വർഷവും വിഭവങ്ങളുടെ അടക്കം എണ്ണം കൂടിക്കൂടി വരികയും ചെയ്യുന്നു. വിഭവങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പാഴാകുന്ന ഭക്ഷണങ്ങളുടെ എണ്ണവും കൂടി വരികയാണ്. കോവിഡ് കാലത്തെ അതിജീവിച്ച മനുഷ്യരാണ് നമ്മൾ. മനുഷ്യൻ എത്രമാത്രം നിസഹായരാണ് എന്ന് തിരിച്ചറിഞ്ഞ നാളുകളിലൂടെ കടന്നുവന്ന് ജീവിതം തിരിച്ചുപിടിച്ചവരാണ്. ആ നമ്മളാണ് ഇങ്ങിനെ ചെയ്യുന്നത്.
നമുക്കിടയിലുള്ള മനുഷ്യരിലേക്ക് കണ്ണു തുറന്നുവെക്കുക. അർഹരായ മനുഷ്യരെ കണ്ടെത്തുക. അവർക്കായി ഇഫ്താറിന്റെ വാതിലുകൾ തുറന്നിടുക. അതിലൂടെ ലഭിക്കുന്ന സന്തോഷം മറ്റെല്ലാറ്റിനേക്കാളും വലുതായിരിക്കും.