തിരുവനന്തപുരം- മലപ്പുറത്തെ സംബന്ധിച്ച വിവാദ പരാമർശം സംബന്ധിച്ച് അടിയന്തര പ്രമേയം കേരള നിയമസഭ ചർച്ച ചെയ്യാനുള്ള തീരുമാനം മാറ്റി. പ്രതിപക്ഷം നൽകിയ നോട്ടീസ് മുഖ്യമന്ത്രി ഒറ്റവാക്കിൽ അംഗീകരിച്ചെങ്കിലും പിന്നീട് സഭയിൽ അരങ്ങേറിയ കയ്യാങ്കളിയെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. തെറ്റിദ്ധാരണ പരത്തുന്ന നീക്കമാണ് നടക്കുന്നതെന്നും ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി സ്പീക്കറെ അറിയിച്ചെങ്കിലും പിന്നീടുണ്ടായ നാടകീയ നീക്കത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിയാൻ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രി തനിക്കെതിരെ നിലവാരം ഇല്ലാത്തവൻ എന്ന് പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നയാളാണെന്നും പ്രാർത്ഥനയിൽ മുഖ്യമന്ത്രിയെ പോലെ അഴിമതിക്കാരനക്കല്ലേ എന്നാണ് പ്രാർത്ഥിക്കാറുള്ളതെന്നും സതീശൻ പറഞ്ഞു. പാർലമെന്ററി മന്ത്രി എം.ബി രാജേഷിന് എതിരെയും സതീശൻ രൂക്ഷമായ പരാമർശം നടത്തി. തന്നെ അധിക്ഷേപിച്ചുവെന്ന് സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയും പാർലമെന്ററി മന്ത്രിയും അധിക്ഷേപിച്ചുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സഭാ സ്പീക്കർക്കെതിരെ എന്ത് പറയാം, എന്ത് പറഞ്ഞുകൂടാ എന്ന ധാരണ എല്ലാവർക്കും വേണമെന്നും എന്നാൽ തീർത്തും നിലവാരമില്ലാത്ത രീതിയിലാണ് പ്രതിപക്ഷ നേതാവ് വാക്കുകൾ ചൊരിഞ്ഞതെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. എല്ലാ പരിധിയും ലംഘിച്ചാണ് സ്പീക്കർക്കെതിരെ കടുത്ത വാക്കുകൾ പറഞ്ഞപ്പോഴാണ് പ്രതിപക്ഷ നേതാവിന് എതിരെ പറഞ്ഞത്. അഴിമതിക്കാരനാകരുതേ എന്നാണത്രേ പ്രതിപക്ഷ നേതാവിന്റെ പ്രാർത്ഥന. നമ്മുടെ സമൂഹത്തിന്റെ മുന്നിൽ പിണറായി വിജയൻ ആരാണ് സതീശൻ ആരാണ് എന്ന് എല്ലാവർക്കും അറിയാം. പിണറായി വിജയൻ അഴിമതിക്കാരനാണ് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നെ അധിക്ഷേപിക്കാനുള്ള അവസരമാണ് പ്രതിപക്ഷം ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള അപവാദ പ്രചാരണത്തിലൂടെ ആളുകളെ തകർക്കാമെന്ന് വിചാരിക്കണ്ട. അഴിമതിയുടെ പര്യായമായി എങ്ങിനെയൊക്കെ മാറുന്നുവെന്നതിന്റെ വിശദാംശത്തിലേക്ക് പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നിയമസഭയിൽ കയ്യാങ്കളി നടക്കുകയാണ്. സ്പീക്കറുടെ ഡയസിൽ കയറിയ പ്രതിപക്ഷ എം.എൽ.എമാരെ വാച്ച് ആന്റ് വാർഡ് പുറത്തേക്ക് വലിച്ചിഴച്ചു. വലിയ പ്രതിഷേധമാണ് സഭയിൽ നടക്കുന്നത്. പ്രതിപക്ഷത്തിന്റെ രൂക്ഷമായ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിക്കുന്നത്.