ബീജിംഗ്– പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ നയതന്ത്രത്തിനും പ്രതിരോധത്തിനും ഒരേപോലെ പ്രാധാന്യം നൽകുന്ന ‘ഇരട്ട തന്ത്ര’വുമായി ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ബീജിംഗിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണ്ണായക നിലപാടുകൾ വ്യക്തമാക്കിയത്. ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രശ്നപരിഹാരത്തിനായി സമാധാനപരമായ ചർച്ചകൾക്ക് ഇറാൻ സന്നദ്ധമാണെന്ന് അരാഗ്ചി പറഞ്ഞു. പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി നടത്തുന്ന ചർച്ചകളുടെ പുരോഗതി അദ്ദേഹം വാങ് യിയെ ധരിപ്പിച്ചു. എന്നാൽ നയതന്ത്ര ശ്രമങ്ങൾ തുടരുമ്പോഴും, രാജ്യത്തിന് നേരെയുള്ള ഏതൊരു ‘ദുരുദ്ദേശ്യപരമായ നീക്കത്തിനും’ ശക്തമായ മറുപടി നൽകാൻ ഇറാൻ സജ്ജമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 40 ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെട്ടതിനെ എതിർത്ത ചൈനയുടെ നിലപാടിനെ ഇറാൻ അഭിനന്ദിച്ചു.
ഇറാൻ്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തർക്കങ്ങൾ പരിഹരിക്കാൻ സൈനിക ശക്തി ഉപയോഗിക്കുന്നതിനെ ചൈന എതിർത്തു. യുദ്ധം നീണ്ടുപോകുന്നത് ആഗോള സുസ്ഥിരതയെ ബാധിക്കുമെന്നും ചർച്ചകൾ മാത്രമാണ് ഏക പോംവഴിയെന്നും വാങ് യി വ്യക്തമാക്കി. നിലവിൽ ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ചൈന, മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ക്രിയാത്മകമായി ഇടപെടുമെന്ന് ഇറാൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള ഊർജ്ജ വിപണിയെ ബാധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ കാര്യങ്ങൾക്ക് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ വർദ്ധിപ്പിക്കാനും ധാരണയായി. മെയ് 14-15 തീയതികളിൽ ബീജിംഗിൽ നടക്കാനിരിക്കുന്ന ഡൊണാൾഡ് ട്രംപ് – ഷി ജിൻപിംഗ് ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.



