നാഗ്പുര്‍: വിവാഹ ദിവസം ധരിച്ച അതേ വസ്ത്രമണിഞ്ഞ്, ഇരുപത്തിയാറാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെ ദമ്പതികള്‍ ജീവനൊടുക്കി. മുംബൈക്ക് സമീപം നാഗ്പൂരിൽ ജെറില്‍ ഡാംസന്‍ ഓസ്‌കര്‍ കോണ്‍ക്രിഫ്(57), ആന്‍ (46) എന്നിവരാണ് ജീവനൊടുക്കിയത്. 26 വര്‍ഷം മുമ്പ് വിവാഹദിനത്തിൽ ധരിച്ച അതേവസ്ത്രവും വേഷവും ധരിച്ചാണ് ഇരുവരും മരിച്ചത്. ആഭരണങ്ങളും പൂവുമെല്ലാം ചൂടിയ നിലയിലായിരുന്നു ആൻ.
ജെറിന്റെ മൃതദേഹം അടുക്കളയിലെ ഫാനില്‍ തൂങ്ങിയ നിലയിലും ആനിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. ആന്‍ ആദ്യം തൂങ്ങി മരിക്കുകയും ഇതിന് ശേഷം മൃതദേഹം അഴിച്ച് കട്ടിലില്‍ കിടത്തി പൂക്കള്‍ കൊണ്ട് അലങ്കരിച്ച ശേഷം ജെറിന്‍ ജീവനൊടുക്കുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. ജീവനൊടുക്കുന്നതിന് മുമ്പ് ഇരുവരും വാട്സാപ്പിൽ ആത്മഹത്യാകുറിപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു.
ഈ വിവരം ചിലർ പോലീസിനെ അറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വത്തുവകകള്‍ എല്ലാവരും തുല്യമായി വീതിച്ചെടുക്കണമെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. കൈകള്‍ കോര്‍ത്തുവെച്ച നിലയില്‍ മൃതദേഹം സംസ്‌കരിക്കണമെന്നും കുറിപ്പിലുണ്ട്. ദമ്പതികൾക്ക് മക്കളില്ല.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)