ന്യൂദൽഹി: ഹരിയാനയിലെയും ജമ്മു കശ്മീരിലെയും വോട്ടെണ്ണൽ തുടങ്ങി. ലോക്സഭ തെരഞ്ഞെടുപ്പിലെ പുനരുജ്ജീവനത്തിന് ശേഷം, കോൺഗ്രസിന് ഏറെ നിർണായകമാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം. ഇന്ത്യൻ സമയം രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങിയത്. പോസ്റ്റൽ ബാലറ്റാണ് ആദ്യം എണ്ണിത്തുടങ്ങുക.
ഹരിയാനയിൽ കോൺഗ്രസിനും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ ഇന്ത്യാമുന്നണിക്കുമാണ് എക്സിറ്റ് പോളുകൾ വിജയം പ്രവചിക്കുന്നത്. 90 വീതം സീറ്റുകളാണ് ഇരു സംസ്ഥാനങ്ങളിലുമുള്ളത്. 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായുള്ളത്. ജമ്മു കശ്മീരിൽ വോട്ടവകാശമുള്ള അഞ്ചു പേരെ നാമനിർദ്ദേശം ചെയ്യാനുള്ള അവകാശം ഗവർണർക്ക് നൽകിയത് വിവാദമായി. ഹരിയാനയിൽ മൂന്നാമതും അധികാരത്തിലെത്തും എന്നാണ് ബി.ജെ.പി പ്രതീക്ഷ.
ഒരു ദശാബ്ദത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് സ്ത്രീകളെയും രണ്ട് കശ്മീരി പണ്ഡിറ്റുകളെയും പാക് അധീന കശ്മീരിൽ നിന്ന് നാടുകടത്തപ്പെട്ട ഒരാളെയും നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനുള്ള അധികാരമാണ് ഗവർണർക്ക് നൽകിയത്. ഈ നീക്കം ജനാധിപത്യത്തിനും ജനവിധിക്കും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും മേലുള്ള കടന്നാക്രമണമാണെന്ന് ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻ്റും മുഖ്യ വക്താവുമായ രവീന്ദർ ശർമ പറഞ്ഞു. നീക്കത്തിന് എതിരെ സുപ്രീം കോടതിയിൽ പോകുമെന്ന് നാഷണൽ കോൺഫറൻസ് അറിയിച്ചു. നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നോമിനേറ്റ് ചെയ്യാൻ ലെഫ്റ്റനൻ്റ് ഗവർണർക്ക് അധികാരം നൽകിയത് തെരഞ്ഞെടുപ്പിലെ “ഫലത്തിന് മുമ്പുള്ള കൃത്രിമത്വമാണ്” എന്ന് പിഡിപി നേതാവ് ഇൽതിജ മുഫ്തി പറഞ്ഞു.