ജിദ്ദ – ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്നോണം രൂപകല്പന ചെയ്ത ജിദ്ദ ടവറിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ ഇക്കണോമിക് കമ്പനിയും സൗദി ബിന്‍ ലാദിന് ഗ്രൂപ്പും കരാര്‍ ഒപ്പുവെക്കുന്നു. 800 കോടിയിലേറെ റിയാലിന്റെ കരാര്‍ ഇന്ന് ഒപ്പുവെക്കുമെന്നാണ് വിവരം. ജിദ്ദ ടവര്‍ പദ്ധതി പൂര്‍ത്തീകരണത്തില്‍ പങ്കെടുക്കാന്‍ നേരത്തെ ഏതാനും പ്രാദേശിക, അന്താരാഷ്ട്ര കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
ആയിരം മീറ്ററിലേറെ ഉയരത്തിലാണ് ജിദ്ദ ടവര്‍ നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി ഇത് മാറും. ജിദ്ദ ടവര്‍ നിര്‍മാണത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ വലിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ 2018 ല്‍ നിര്‍മാണ ജോലികള്‍ ജിദ്ദ ഇക്കണോമിക് കമ്പനി നിര്‍ത്തിവെക്കുകയായിരുന്നു. സൗദി വ്യവസായ പ്രമുഖന് അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയാണ് ജിദ്ദ ടവര്‍ പദ്ധതി അടങ്ങിയ ഡൗണ്‍ ടൗണ്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന് അഴിമതി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പദ്ധതിയില്‍ മറ്റു പങ്കാളികളെ കൂടി പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു.