കുവൈത്ത് സിറ്റി – സൗദി കോടീശ്വരന്‍ മഅന്‍ അബ്ദുല്‍വാഹിദ് അല്‍സ്വാനിഇന്റെ കുവൈത്ത് പൗരത്വം റദ്ദാക്കി കുവൈത്ത് ഗവണ്‍മെന്റ് ഉത്തരവിറക്കി. മഅന്‍ അല്‍സ്വാനിഅ് അടക്കം അഞ്ചു പേരുടെ പൗരത്വമാണ് റദ്ദാക്കിയത്. സൗദി, കുവൈത്ത് പൗരത്വമുള്ള മഅന്‍ അല്‍സ്വാനിഅ് ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, ആരോഗ്യ പരിചരണം അടക്കമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം കമ്പനികള്‍ അടങ്ങിയ സഅദ് ഗ്രൂപ്പ് സ്ഥാപകനാണ്. രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ സൗദിയിലെയും ഗള്‍ഫിലെയും ഏറ്റവും ധനികരായ ബിസിനസുകാരില്‍ ഒരാളായി അദ്ദേഹം മാറി. 2007 ല്‍ ഫോബ്‌സ് മാസികയുടെ ലോകത്തെ ഏറ്റവും വലിയ 100 അതിസമ്പന്നരുടെ പട്ടികയില്‍ മഅന്‍ അല്‍സ്വാനിഅ് ഇടംപിടിച്ചിരുന്നു.
വഞ്ചനാക്കുറ്റം ആരോപിക്കപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ബിസിനസ് തകര്‍ന്നു. അല്‍ഖുസൈബി കുടുംബവുമായും മറ്റുള്ളവരുമായുള്ള തര്‍ക്കം കോടതി ഇടനാഴികളില്‍ അവസാനിച്ചു. സഅദ് ഗ്രൂപ്പും മറ്റൊരു കമ്പനിയായ അഹ്മദ് ഹമദ് അല്‍ഖുസൈബി ആന്റ് ബ്രദേഴ്‌സും 2009 ല്‍ തളര്‍ന്നു. ബാങ്കുകള്‍ക്ക് തിരിച്ചടക്കാനുള്ള കടത്തിന്റെ അളവ് 2,200 കോടി ഡോളറായി ഉയര്‍ന്നു. 2019 മാര്‍ച്ചില്‍ സൗദിയിലെ പുതിയ പാപ്പരത്ത നിയമത്തിലൂടെ തങ്ങളുടെ കേസ് പരിഹരിക്കാനുള്ള, തടവില്‍ കഴിയുന്ന മഅന്‍ അല്‍സ്വാനിഇന്റെയും കമ്പനിയുടെയും അപേക്ഷ കോടതി അംഗീകരിച്ചു.
2018 അവസാനിക്കുന്നതിനു തൊട്ടുമുമ്പ് കടക്കാരുടെ പണം തിരിച്ചടക്കുന്നതിനായി ബില്യണ്‍ കണക്കിന് റിയാല്‍ വില കണക്കാക്കുന്ന മഅന്‍ അല്‍സ്വാനിഇന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ പൊതുലേലത്തില്‍ വില്‍ക്കാന്‍ വെച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യ, ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ അഞ്ചു മാസക്കാലത്ത് നടത്തിയ ലേലങ്ങളില്‍ ആസ്തികള്‍ വില്‍ക്കാന്‍ ലേലത്തില്‍ വിദഗ്ധരായ ഒരു കമ്പനിയെ കോടതി ചുമതലപ്പെടുത്തി.
നിയമ വിരുദ്ധ രീതിയില്‍ കുവൈത്ത് പൗരത്വം നേടിയ കേസുകള്‍ പരിശോധിക്കാന്‍ രൂപീകരിച്ച സുപ്രീം കമ്മിറ്റി 1,647 പേരുടെ കുവൈത്ത് പൗരത്വം കൂടി റദ്ദാക്കാന്‍ ഇന്നലെ തീരുമാനിച്ചു. ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അല്‍സ്വബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത്രയും പേരുടെ പൗരത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. അന്തിമാംഗീകാരത്തിനായി കമ്മിറ്റി തീരുമാനം മന്ത്രിസഭക്ക് സമര്‍പ്പിക്കും.
നിയമ വിരുദ്ധ മാര്‍ഗങ്ങളില്‍ കുവൈത്ത് പൗരത്വം നേടിയവരുടെ കേസുകള്‍ പരിശോധിക്കാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സുപ്രീം കമ്മിറ്റി രൂപീകരിച്ചത്. ഇതിനു ശേഷം ആയിരക്കണക്കിനാളുകളുടെ പൗരത്വം റദ്ദാക്കിയിട്ടുണ്ട്. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് പൗരത്വം നേടിയവരുടെയും നിയമാനുസൃത വ്യവസ്ഥകള്‍ പൂര്‍ണമല്ലാതിരുന്നിട്ടും പൗരത്വം നേടിയവരുടെയും പൗരത്വങ്ങളാണ് റദ്ദാക്കുന്നത്.