മംഗലാപുരം: മംഗളുരു – ചെന്നൈ മെയിൽ തീവണ്ടിയിൽ കുഴഞ്ഞുവീണ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജവാന്റെ ജീവൻ രക്ഷിക്കാനായില്ല. സിഐഎസ്എഫിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും ആന്ധ്രപ്രദേശിലെ ലിംഗസമുദ്രം മണ്ഡൽ സ്വദേശിയുമായ എ രാമനയ്യയാണ് മരണപ്പെട്ടത്. റെയിൽവേ കോച്ചിനകത്ത് ഒരാൾ കുഴഞ്ഞുവീണെന്ന വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്) പ്രാഥമിക ചികിത്സ നൽകിയെങ്കിലും ഇദ്ദേഹം ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.
മെയ് 17-ന് ഉച്ചയ്ക്ക് 1.35 ഓടെയാണ് സംഭവം. വണ്ടി മംഗലാപുരം സെൻട്രൽ സ്റ്റേഷനിൽ നിൽക്കെ ജനറൽ കമ്പാർട്ട്‌മെന്റിലാണ് രാമനയ്യ കുഴഞ്ഞുവീണത്. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഇൻസ്‌പെക്ടർ മനോജ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ആർപിഎഫ് സംഘം സ്ഥലത്തെത്തുകയും സിപിആർ, വായ് വഴിയുള്ള കൃത്രിമ ശ്വാസോച്ഛാസം തുടങ്ങിയ പ്രാഥമിക ചികിത്സകൾ നൽകുകയും ചെയ്തു. ഗവൺമെന്റ് വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാലു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് മംഗലാപുരം റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.