കൊച്ചി- ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തകൻ ഷിഹാസിനെ ജിഹാദി പോസ്റ്റർ ബോയ് എന്നാക്ഷേപിച്ച ബി.ജെ.പി നേതാവ് സന്ദീപ് വാര്യർക്കെതിരെ അഞ്ചു കോടി രൂപ മാനനഷ്ടക്കേസ് നൽകി ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിലെ യുവജനോത്സവം എന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരെ നടത്തിയ പരാമർശമാണ് ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചത്.
ഏഷ്യാനെറ്റ് ജിഹാദി പോസ്റ്റർ ബോയ് ഷിഹാസിനെ തുറന്നു കാണിച്ചതിന് എനിക്ക് അഞ്ചു കോടി രൂപയുടെ മാനനഷ്ട വക്കീൽ നോട്ടീസ് ആണ് ഏഷ്യാനെറ്റ് മാനേജ്മെൻറ് അയച്ചിരിക്കുന്നതെന്നും അത്രയും രൂപ കൈവശമില്ലെന്നും വല്ലതും കുറച്ചു തരുമോ എന്നും സന്ദീപ് വാര്യർ ചോദിച്ചു. ജിഹാദിയെ ജിഹാദി എന്ന് വിളിച്ചപ്പോൾ ഏഷ്യാനെറ്റിന് എന്തിനാണ് പൊള്ളുന്നത് ? ഒരു മാധ്യമ സ്ഥാപനത്തിന് സംഘി എന്ന് വിളിക്കാമെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ ജിഹാദി എന്നും വിളിക്കാമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
അതേസമയം, സന്ദീപ് വാര്യർക്ക് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി.
സന്ദീപ് വാര്യർക്കെതിരെ അഞ്ചുകോടി രൂപയുടെ മാനനഷ്‌ടക്കേസ് ഏഷ്യാനെറ്റ് ന്യൂസ് നൽകി എന്നറിഞ്ഞുവെന്നും സന്ദീപ് ഒരു മാപ്പും പറയുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കേസ്സ് നടക്കട്ടെ. അർബ്ബൻ നക്സലുകളും ദേശവിരുദ്ധരും എങ്ങനെയാണ് പ്രധാനമാധ്യമങ്ങളിൽ പിടിമുറുക്കുന്നതെന്ന് നമുക്കു ഓപ്പൺ കോടതിയിൽ തന്നെ ചർച്ച ചെയ്യാം. പാട്ടകുലുക്കിയിട്ടായാലും പാർട്ടി കേസ്സു നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.