ബെയ്‌റൂത്ത് – ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ ആക്രമണത്തില്‍ തകര്‍ന്ന ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ പിഞ്ചു ബാലന്‍ അലി ഖലീഫക്ക് 14 മണിക്കൂറിനു ശേഷം പുനര്‍ജന്മം. ഗുരുതരമായി പരിക്കേറ്റ് ചതഞ്ഞരഞ്ഞ രണ്ടു വയസുകാരന്റെ കൈ മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി. ആക്രമത്തില്‍ അലി ഖലീഫയുടെ മാതാപിതാക്കളും സഹോദരിയും രണ്ടു മുത്തശ്ശിമാരും കൊല്ലപ്പെട്ടു. തീരനഗരസമായ ടൈറിലെ ആശുപത്രിയിലെ കുട്ടികള്‍ക്കുള്ള ഐ.സി.യുവിലാണ് ബാലനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതല്‍ സജ്ജീകരണങ്ങളുള്ള ബെയ്‌റൂത്തിലെ ആശുപത്രിയിലേക്ക് മാറ്റി.
രണ്ടു വയസുകാരന്‍ മയക്കുമരുന്നിന്റെ മയക്കത്തിലാണ്. ശിരസ്സ് വെളുത്ത ബാന്റേജില്‍ പൊതിഞ്ഞിരിക്കുന്നു. കണ്‍പോളകള്‍ വീര്‍ത്തിരിക്കുന്നു. വീര്‍ത്ത മുഖം മുറിവുകളാല്‍ മൂടപ്പെട്ടിരിക്കുന്നു. വെന്റിലേറ്റര്‍ ട്യൂബ് വായില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്നു. ഒരു വെളുത്ത മെഡിക്കല്‍ കവറിനു കീഴില്‍ ഛേദിക്കപ്പെട്ട കൈ ദൃശ്യമാണ്.
കുടുംബത്തില്‍ അലി ഖലീഫ മാത്രമാണ് ജീവനോടെ ശേഷിച്ചതെന്ന് ബാലന്റെ അമ്മാവന്‍ ഹുസൈന്‍ ഖലീഫ (45) പറഞ്ഞു. പിതാവ് മുഹമ്മദും മാതാവ് മുനയും ഇളയ സഹോദരി നൂറും രണ്ടു മുത്തശ്ശിമാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ശ്വാസംമുട്ടുന്ന നിലയിലാണ് പതിനാലു മണിക്കൂറിനു ശേഷം അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ബാലനെ പുറത്തെടുത്തത്.
ഒക്‌ടോബര്‍ 29 ന് രാത്രിയിലാണ് സിഡോന്‍ നഗരത്തിന് തെക്ക് 15 കിലോമീറ്റര്‍ ദൂരെ സരഫന്ദ് ഗ്രാമത്തില്‍ ബഹുനില കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണ സംഖ്യ 15 ആയി പിന്നീട് ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ബന്ധുക്കളായിരുന്നു. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും പരിസരപ്രദേശത്ത് നിര്‍ത്തിയിട്ട കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
പിറ്റേദിവസം ജീവനോടെ ആരെയെങ്കിലും കണ്ടെത്തിയേക്കുമെന്ന പ്രതീക്ഷ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏതാണ്ട് നഷ്ടപ്പെട്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ബുള്‍ഡോസറിന്റെ ചട്ടുകത്തിലെ കല്ലുകള്‍ക്കിടയില്‍ കുഞ്ഞുബാലന്റെ ശരീരം അപ്രതീക്ഷതമായി പ്രത്യക്ഷപ്പെട്ടത്. ബാലന്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ ജീവന്റെ തുടിപ്പുകള്‍ ബാക്കിയുണ്ടെന്ന് കണ്ടെത്തിയതോടെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വീട്ടിലെ സോഫാ സെറ്റില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അലി ഖലീഫക്ക് ഇസ്രായില്‍ ആക്രമണത്തില്‍ പരിക്കേറ്റത്. ഇപ്പോഴും ബോധം തെളിയാതെ ബാലന്‍ ഉറക്കത്തിലാണ്. മുറിവുകള്‍ ഉണങ്ങി അലി ഖലീഫ ഉണരുന്നത് ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഹുസൈന്‍ ഖലീഫ പറഞ്ഞു.
സെപ്റ്റംബര്‍ 23 മുതല്‍ ഇസ്രായില്‍ ലെബനോനില്‍ ആരംഭിച്ച ആക്രമണത്തില്‍ പരിക്കേറ്റ ആയിരങ്ങളില്‍ ഒരാളാണ് അലി ഖലീഫ. സരഫന്ദിലെ കെട്ടിടത്തിനു നേരെയുണ്ടായ ആക്രമണം സഹോദരിമാരായ സൈനബ് ഖലീഫയുടെയും (32) ഫാത്തിമ ഖലീഫയുടെയും (30) ജീവിതം കീഴ്‌മേല്‍ മറിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സരഫന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടിവുകളും പൊള്ളലുകളും ഗുരുതരമായ മുറിവുകളും നേരിട്ട ഇരുവരുടെയും നിരവധി ഉറ്റവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കുടുംബ വീടിനു നേരെ മിസൈലുകള്‍ വര്‍ഷിക്കുന്ന ശബ്ദം സൈനബ് കേട്ടില്ല. പകരം അവിടമാകം ഇരുട്ടും കാതടപ്പിക്കുന്ന നിലവിളികളും ഉയര്‍ന്നു. രണ്ടു മണിക്കൂറിനു ശേഷമാണ് സൈനബിനെ കെട്ടിടത്തിന്റെ അവശിഷ് ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് നീക്കിയത്.
ആക്രമണത്തില്‍ സൈനബിന്റെ മാതാപിതാക്കളും ഭര്‍ത്താവും ഒന്നു മുതല്‍ ഏഴു വയസു വരെ പ്രായമുള്ള മൂന്നു മക്കളും കൊല്ലപ്പെട്ടു. പ്രത്യേക നേത്ര ചികിത്സ ലഭിക്കേണ്ടതിനാല്‍ സൈനബിനെ ദിവസങ്ങള്‍ക്കു മുമ്പ് ബെയ്‌റൂത്തിലെ ആശുപത്രിയിലേക്ക് മാറ്റി. സഹോദരി ഫാത്തിമ സരഫന്ദ് ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. സൈനബിന്റെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടിട്ടുണ്ട്. ഗുരുതരമായ പരിക്കേറ്റ രണ്ടാമത്തെ കണ്ണിന് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് സരഫന്ദ് ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ ഫിസിഷ്യനും അനസ്‌തേഷ്യോളജിസ്റ്റുമായ ഡോ. അലി അലാവുദ്ദീന്‍ പറഞ്ഞു. സൈനബിനുണ്ടായ മാനസിക ക്ഷതം അവളുടെ ശാരീരിക മുറിവുകളെക്കാള്‍ വളരെ വലുതാണെന്ന് ഡോക്ടര്‍ പറഞ്ഞു.