തിരുവനന്തപുരം – കേരളത്തിലെ ജനങ്ങൾ ഇടത്-വലത് മുന്നണികളെ മടുത്തുകഴിഞ്ഞെന്നും സംസ്ഥാനത്തെ മൂന്നാം രാഷ്ട്രീയ ശക്തിയായി ബിജെപിയെയും എൻഡിഎയെയും അവർ അംഗീകരിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തവണ പകുതിയിലേറെ മണ്ഡലങ്ങളിൽ അതിശക്തമായ മത്സരമാണ് നടന്നത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങൾക്ക് പുറമെ പല അപ്രതീക്ഷിത സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായ സീറ്റുകൾ പ്രവചിക്കുന്നുണ്ടെന്നും താഴെത്തട്ടിൽ പ്രവർത്തിച്ച പ്രവർത്തകരിൽ നിന്നുള്ള കണക്കുകൾ ഇത് ശരിവെക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണത്തിലെ കെടുകാര്യസ്ഥതയും ശബരിമലയിലെ സ്വർണ്ണക്കൊള്ളയും കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയവുമെല്ലാം തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇരു മുന്നണികളെയും ഒഴിവാക്കി ബിജെപി വരണമെന്ന ആഗ്രഹവും വികസിത കേരളം എന്ന ലക്ഷ്യവും മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തവരെല്ലാം ബിജെപിക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും വലിയ ആത്മവിശ്വാസത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



