തെൽ അവീവ് – ഇസ്രായിലിന്റെ തലസ്ഥാനമായ തെല്‍അവീവില്‍ ഗലീലോത്ത് സൈനിക താവളത്തിനും ഇസ്രായിൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിനും സമീപം ബസ് സ്റ്റേഷനില്‍ സൈനികര്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തിനു മേല്‍ ട്രക്ക് ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു. 20 സൈനികര്‍ അടക്കം 50 പേര്‍ക്ക് പരിക്കേറ്റു. ഇക്കൂട്ടത്തില്‍ 15 പേരുടെ നില ഗുരുതരമാണ്. ഇന്നു രാവിലെ 10.08 ന് ആണ് സംഭവം. ആക്രമണം നടത്തിയ ട്രക്ക് ഡ്രൈവറെ ഇസ്രായില്‍ സൈന്യം വെടിവെച്ചുകൊന്നു. ഇസ്രായില്‍ പൗരത്വമുള്ള അറബ് വംശജനായ റാമി നാതൂര്‍ ആണ് ആക്രമണം നടത്തിയത്. ഇയാള്‍ ഖലന്‍സവ ഗ്രാമവാസിയാണ്.
വംശീയ പശ്ചാത്തലത്തിലുള്ള ആക്രമണമാണുണ്ടായതെന്നാണ് സംശയിക്കുന്നതെന്ന് ഇസ്രായില്‍ പോലീസ് പറഞ്ഞു. ഗലീലോത്ത് സൈനിക താവളത്തില്‍ നിന്നുള്ള സൈനികരെ ലക്ഷ്യമിട്ടാണ് റാമി നാതൂര്‍ ട്രക്ക് ആക്രമണം നടത്തിയത്. ഇതിനു ശേഷം ട്രക്കില്‍ നിന്ന് കത്തിയുമായി പുറത്തിറങ്ങിയ ഡ്രൈവര്‍ സൈനികരെ കുത്തിക്കൊല്ലാനും ശ്രമിച്ചു. ആക്രമണമുണ്ടായ ഉടന്‍ ട്രക്കില്‍ സ്‌ഫോടക വസ്തുക്കളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷാ വലയം തീര്‍ക്കുകയും പൊതുജനങ്ങളെ അകറ്റിനിര്‍ത്തുകയും ചെയ്തു.
സമാനമായ മറ്റൊരു സംഭവത്തില്‍, ഉത്തര ജറൂസലമില്‍ ഹിസ്മ സൈനിക ചെക്ക് പോയിന്റില്‍ ഇസ്രായിലി സൈനികരെ ഫലസ്തീനി യുവാവ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു.
ദക്ഷിണ ലെബനോനില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടു
ജിദ്ദ – ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ല ആക്രമണത്തില്‍ നാലു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. അഞ്ചു സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇസ്രായില്‍ സൈന്യത്തിനു കീഴിലെ 8,207 ബ്രിഗേഡിനു കീഴിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായിലിലെ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സെപ്റ്റംബര്‍ 30 ന് ലെബനോനില്‍ ഇസ്രായില്‍ കരയാക്രമണം ആരംഭിച്ച ശേഷം കൊല്ലപ്പെട്ട ഇസ്രായിലി സൈനികരുടെ എണ്ണം 36 ആയി ഉയര്‍ന്നു.
ലെബനോനില്‍ ഹിസ്ബുല്ലക്കെതിരെ ഇസ്രായില്‍ സൈന്യം വ്യോമാക്രമണം തുടരുകയാണ്.
ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഹിസ്ബുല്ലയുടെ ആയുധ നിര്‍മാണ കേന്ദ്രവും ആയുധ സംഭരണ കേന്ദ്രവും ലക്ഷ്യമിട്ട് കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഇന്നു രാവിലെ ഇസ്രായിലി സൈന്യം അറിയിച്ചു. ദക്ഷിണ ലെബനോനിലെ 14 ഗ്രാമങ്ങളിലെ താമസക്കാരോട് ഉടന്‍ സ്ഥലംവിടാന്‍ ഇസ്രായില്‍ സൈന്യം ഇന്ന് ആവശ്യപ്പെട്ടു.
ദക്ഷിണ ബെയ്‌റൂത്തില്‍ രണ്ടു പ്രദേശങ്ങളില്‍ നിന്ന് താമസക്കാര്‍ എത്രയും വേഗം ഒഴിയണമെന്നും സൈന്യം ഇതിന് തൊട്ടുമുമ്പ് ആവശ്യപ്പെട്ടു. ഇവിടങ്ങളില്‍ ഹിസ്ബുല്ല കേന്ദ്രങ്ങളുള്ളതായി സൈന്യം പറഞ്ഞു. ഇന്നു പുലര്‍ച്ചെ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, ഇസ്രായിലില്‍ അക്കക്കു സമീപം ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. അക്കക്കു തെക്കുകിഴക്ക് സൈനിക വ്യവസായ കമ്പനി ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല പറഞ്ഞു. ഇസ്രായിലിലെ 20 ലേറെ ജൂതകുടിയേറ്റ കോളനികള്‍ ഉടന്‍ ഒഴിയണമെന്ന് ഹിസ്ബുല്ല ആവശ്യപ്പെട്ടു. ഇസ്രായിലി സൈനിക താവളങ്ങളായി മാറിയ ഈ കോളനികള്‍ തങ്ങളുടെ നിയമാനുസൃത ആക്രമണ ലക്ഷ്യങ്ങളായി മാറിയതായി ഹിസ്ബുല്ല പറഞ്ഞു.