ന്യൂയോർക്ക്- പുതുവത്സര ദിനത്തിൽ തെക്കൻ യു.എസിലെ ന്യൂ ഓർലിയാൻസിൽ ജനക്കൂട്ടത്തിലേക്ക് പിക്കപ്പ് ട്രക്ക് ഓടിച്ചു കയറ്റി പത്തു പേരെ കൊലപ്പെടുത്തി. 35 പേർക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിനും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കും നേരെ നേരെ ട്രക്ക് ഡ്രൈവർ വെടിയുതിർക്കുകയും ചെയ്തു. ഫ്രഞ്ച് ക്വാർട്ടർ എന്നറിയപ്പെടുന്ന നഗരത്തിൻ്റെ ഒരു ഭാഗത്താണ് പുതുവത്സരം ആഘോഷിക്കുന്നവർക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയത്. സംഭവസ്ഥലത്ത് സ്ഫോടകവസ്തുവെന്ന് സംശയിക്കുന്ന ഉപകരണം കണ്ടെത്തിയതായി അന്വേഷണ ചുമതല ഏറ്റെടുത്ത എഫ്ബിഐ പറഞ്ഞു. ഡ്രൈവറും കൊല്ലപ്പെട്ടതായും ആക്രമണം “ഭീകരപ്രവർത്തനം” ആയിട്ടാണ് അന്വേഷിക്കുന്നതെന്നും എഫ്ബിഐ അറിയിച്ചു.
നിരവധി പേരെ വാഹനം ഇടിച്ച് പരിക്കേൽപ്പിക്കാൻ ഡ്രൈവർ ശ്രമിച്ചതായും ഇയാൾക്ക് നേരെ വെടിയുതിർത്ത പോലീസ് ഉദ്യോഗസ്ഥരെ ഇയാൾ തിരിച്ചും വെടിവെച്ചതായും എഫ്.ബി.ഐ പറഞ്ഞു. ഉയർന്ന വേഗത്തിലും മനപൂർവ്വം ആക്രമണം സൃഷ്ടിക്കുന്ന എന്ന ലക്ഷ്യത്തിലുമാണ് ഇയാൾ വാഹനം ഓടിച്ചതെന്നും പോലീസ് പറഞ്ഞു.
പ്രാദേശിക സമയം പുലർച്ചെ 3.15നാണ് സംഭവം നടന്നതെന്ന് എമർജൻസി അധികൃതർ അറിയിച്ചു.ബാറുകൾക്കും റെസ്റ്റോറൻ്റുകൾക്കും ജാസ് ചരിത്രത്തിനും പേരുകേട്ട ഫ്രഞ്ച് ക്വാർട്ടർ, ഉല്ലാസക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന സമയമാണിത്.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ന്യൂ ഓർലിയൻസ്. ജോർജിയ സർവകലാശാലയിലെയും നോട്രെ ഡാമിലെയും ടീമുകൾ ഉൾപ്പെടുന്ന ഷുഗർ ബൗൾ എന്നറിയപ്പെടുന്ന ഒരു പ്രധാന ഫുട്ബോൾ മത്സരത്തില് നഗരം ആതിഥേയത്വം വഹിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം.