ഇസ്രായില്‍ ശ്രമിക്കുന്നത് സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീനികളുടെ പ്രത്യാശ ഇല്ലാതാക്കാന്‍ – അഹ്മദ് അബുല്‍ഗെയ്ത്ത്
റിയാദ് – അന്താരാഷ്ട്ര നിയമം പാലിക്കാത്ത ഇസ്രായിലുമായുള്ള ബന്ധങ്ങള്‍ ലോക രാജ്യങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സംയുക്ത അറബ്, ഇസ്‌ലാമിക് ഉച്ചകോടിയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഫലസ്തീനിലെയും ലെബനോനിലെയും ആക്രമണങ്ങള്‍ അവസാനിപ്പിക്കാത്ത പക്ഷം ഇസ്രായിലിന്റെ യു.എന്‍ അംഗത്വം മരവിപ്പിക്കണമെന്നും ഫലസ്തീന്‍ പ്രസിഡന്റ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഇസ്രായില്‍ ആക്രമണം 12 ലക്ഷം ലെബനോനികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതായി ലെബനീസ് പ്രധാനമന്ത്രി നജീബ് മീഖാത്തി പറഞ്ഞു. ലെബനോനെതിരായ ആക്രമണങ്ങളില്‍ ഇസ്രായില്‍ ജനീവ കണ്‍വെന്‍ഷനുകള്‍ ലംഘിച്ചു. ലെബനോന്റെ വര്‍ത്തമാനത്തെയും ഭാവിയെയും ഭീഷണിപ്പെടുത്തുന്ന അഭൂതപൂര്‍വമായ പ്രതിസന്ധിയിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. ഇസ്രായില്‍ ആക്രമണം വലിയ മാനുഷിക നഷ്ടങ്ങള്‍ക്ക് കാരണമായി.
ഇസ്രായില്‍ ആക്രമണങ്ങളില്‍ 800 കോടിയിലേറെ ഡോളറിന്റെ നഷ്ടങ്ങള്‍ നേരിട്ടു. ആക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനും അഭയാര്‍ഥികളെ സഹായിക്കാനും പ്രത്യേക ഫണ്ട് സ്ഥാപിക്കും. ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ലെബനോന്റെ സ്വകാര്യത മാനിക്കണമെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതെ വിട്ടുനില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മേഖലയെ സമഗ്ര യദ്ധത്തിലേക്ക് തള്ളിവിടുന്നത് തടയാന്‍ ഫലസ്തീന്‍, ലെബനോന്‍ യുദ്ധങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ് ആവശ്യപ്പെട്ടു.
ഇത്തരമൊരു യുദ്ധത്തിന്റെ വില എല്ലാവരും നല്‍കേണ്ടിവരും. ഗാസക്കെതിരായ ഇസ്രായില്‍ യുദ്ധത്തിന്റെ ഫലമായി മേഖല സഹിക്കാന്‍ കഴിയാത്ത ദുരന്തത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് തടയാന്‍ അടിയന്തിര നടപടി ആവശ്യമാണ്. ഗാസ ഉപരോധം തകര്‍ക്കാനും മാനുഷിക ദുരന്തം അവസാനിപ്പിക്കാനും വെസ്റ്റ് ബാങ്കില്‍ ആക്രമണം രൂക്ഷമാക്കുന്നത് തടയാനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാന്‍ യഥാര്‍ഥ രാഷ്ട്രീയ ഭൂമിക കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും ജോര്‍ദാന്‍ രാജാവ് പറഞ്ഞു.
യുദ്ധങ്ങള്‍ തുടരുന്നതിനു പകരം ദ്വിരാഷ്ട്ര പരിഹാരത്തിനായി പ്രവര്‍ത്തിക്കണമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി ആവശ്യപ്പെട്ടു. വളരെ സങ്കീര്‍ണമായ മേഖലാ സാഹചര്യത്തിന്റെയും ഗാസയിലും വെസ്റ്റ് ബാങ്കിലും ലെബനോനിലും ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കുമുള്ള ഈ ഗുരുതരമായ വെല്ലുവിളി നേരിടുന്നതിലുള്ള കടമകള്‍ നിര്‍വഹിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം കടുത്ത കഴിവില്ലായ്മ പ്രകടിപ്പിക്കുകയും ലജ്ജാകരമായ മൗനം പാലിക്കുകയും ചെയ്യുന്നതായും ഈജിപ്ഷ്യന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി.
ഗാസയില്‍ ഫലസ്തീന്‍ സമൂഹത്തെ ഉന്മൂലനം ചെയ്തും പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചും മുഴുവന്‍ സ്ഥാപനങ്ങളും തകര്‍ത്തും സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീനികളുടെ പ്രത്യാശ ഇല്ലാതാക്കാനാണ് ഇസ്രായില്‍ ശ്രമിക്കുന്നതെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു. ഇസ്രായിലിന്റെ ഈ ആഗ്രഹങ്ങള്‍ ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ പറഞ്ഞു.
മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാനാണ് നെതന്യാഹു ഗവണ്‍മെന്റ് എപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ ഇസ്രായില്‍ ആഗ്രഹിക്കുന്നില്ല. ഫലസ്തീന്‍ അസ്തിത്വം നശിപ്പിക്കാന്‍ ഇസ്രായില്‍ ആഗ്രഹിക്കുന്നു. ഇത് നാം തടയണം. മേഖലയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാത്ത പക്ഷം ഇസ്രായിലിനു മേല്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തുകയും ഇസ്രായിലുമായുള്ള വ്യാപാരം അവസാനിപ്പിക്കുകയും ആഗോള തലത്തില്‍ ഇസ്രായിലിനെ ഒറ്റപ്പെടുത്തുകയും വേണം. ഇസ്രായില്‍ ആക്രമണങ്ങളില്‍ അര ലക്ഷത്തോളം ഫലസ്തീനികള്‍ വീരമൃത്യുവരിച്ചതായും ഉര്‍ദുഗാന്‍ പറഞ്ഞു.
ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ലെബനീസ് പ്രധാനമന്ത്രി നജീബ് മീഖാത്തി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി, ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ്, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് എന്നിവര്‍ അറബ്, ഇസ്‌ലാമിക് ഉച്ചകോടിയില്‍.