കോഴിക്കോട്: മലപ്പുറം ദേശീയപാതയില്‍ തലപ്പാറ വലിയപറമ്പില്‍ വീണ്ടും വിള്ളല്‍. ഓവുപാലം താഴുകയും ചെയ്തിട്ടുണ്ട്. ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. സംഭവത്തെ തുടര്‍ന്ന് മുസ്ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. മലപ്പുറം ജില്ലയിലെ തലപ്പാറയ്ക്കും കൊളപ്പുറത്തിനുമിടയിലെ വികെ പടി വലിയപറമ്പിലാണ് സംഭവമുണ്ടായത്. ദേശീയ പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇവിടെ ദേശീയപാതക്ക് കുറുകേയുള്ള ഓവുപാലം അപകടകരമായ രൂപത്തില്‍ താഴ്ന്നിട്ടുണ്ടെന്ന് കാണാനാവുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ദേശീയപാത സുരക്ഷാഭീഷണി നേരിട്ടതോടെയാണ് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. നേരത്തെ ദേശീയപാത തകര്‍ന്നുവീണ കൂരിയാടു നിന്ന് മൂന്ന് കിലോമീറ്റര്‍ അകലം മാത്രമാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടെത്തിയ സ്ഥലത്തിനുള്ളത്. മെയ് 19-നാണ് കൂരിയാട് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് താണത്. ദേശീയ പാത ഇടിഞ്ഞ് സര്‍വ്വീസ് റോഡിലേക്ക് വീഴുകയും സര്‍വ്വീസ് റോഡ് തകരുകയും ചെയ്തിരുന്നു. ഇന്ന് വിള്ളല്‍ കണ്ടെത്തിയ സ്ഥലത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പരിശോധനകള്‍ നടത്തി പരിഹാരം ഇനിയും വൈകരുതെന്ന് സ്ഥലം സന്ദര്‍ശിച്ച മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. ജനങ്ങള്‍ക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടാവണം. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. നടപടി വൈകിയാല്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി വരുമെന്നും അദ്ദേഹം വിശദീകരിച്ചു.