ജിദ്ദ – കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ എണ്ണയിതര കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. പെട്രോളിതര കയറ്റുമതി 515 ബില്യണ്‍ റിയാലായി ഉയര്‍ന്നു. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്. പെട്രോളിതര കയറ്റുമതിയില്‍ 2023 നെ അപേക്ഷിച്ച് 2024 ല്‍ 13 ശതമാനം വളര്‍ച്ചയും 2016 ല്‍ വിഷന്‍ 2030 ആരംഭിച്ച ശേഷം 113 ശതമാനം വളര്‍ച്ചയും കൈവരിച്ചു. ഇത് ആഗോള വിപണികളില്‍ സൗദി ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും മത്സരശേഷിക്ക് അടിവരയിടുന്നതാണ്. എല്ലാ കയറ്റുമതി മേഖലകളിലും വളര്‍ച്ച രേഖപ്പെടുത്തി.
ചരക്ക് കയറ്റുമതി നാലു ശതമാനം തോതില്‍ വര്‍ധിച്ച് 217 ബില്യണ്‍ റിയാലായി. പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ രണ്ടു ശതമാനവും നോണ്‍-പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ ഒമ്പതു ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയതാണ് ചരക്ക് കയറ്റുമതി നാലു ശതമാനം വര്‍ധിക്കാന്‍ സഹായിച്ചത്. 2024 ല്‍ പുനര്‍കയറ്റുമതിയുടെ (റീ-എക്‌സ്‌പോര്‍ട്ട്) 90 ബില്യണ്‍ റിയാലായി ഉയര്‍ന്നു. വിഷന്‍ 2030 ആരംഭിച്ച ശേഷം പുനര്‍കയറ്റുമതിയില്‍ 205 ശതമാനം വളര്‍ച്ച കൈവരിച്ചു. സേവന കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന തോതിലായി. സേവന കയറ്റുമതി 207 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2023 നെ അപേക്ഷിച്ച് 14 ശതമാനവും വിഷന്‍ 2030 പ്രഖ്യാപിച്ച ശേഷം 220 ശതമാനവും തോതില്‍ സേവന കയറ്റുമതി വര്‍ധിച്ചു.
സമ്പദ്വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനും ദേശീയ ഉല്‍പന്നങ്ങളുടെ മത്സരശേഷി വര്‍ധിപ്പിക്കാനുമുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായാണ് എണ്ണയിതര കയറ്റുമതിയിലെ ഈ ചരിത്ര പ്രകടനമെന്ന് സൗദി കയറ്റുമതി വികസന അതോറിറ്റി സി.ഇ.ഒ എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ദുകൈര്‍ പറഞ്ഞു. പരിശീലനം, ശാക്തീകരണം, പ്രമോഷന്‍, ഉപദേശക സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സംയോജിത പരിപാടികളിലൂടെ പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും കയറ്റുമതി സുസജ്ജത വര്‍ധിപ്പിക്കാനും സൗദി കമ്പനികളെ പ്രാപ്തമാക്കാന്‍ അതോറിറ്റി പ്രവര്‍ത്തിക്കുന്നു. 2024 ല്‍ പെട്രോകെമിക്കല്‍ കയറ്റുമതി 149 ബില്യണ്‍ റിയാലായി. മൊത്തം ചരക്ക് കയറ്റുമതിയുടെ 68 ശതമാനമാണിത്.
പെട്രോകെമിക്കല്‍ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം രണ്ടു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പെട്രോകെമിക്കല്‍ ഇതര കയറ്റുമതി മികച്ച പ്രകടനം കാഴ്ചവെച്ച് 69 ബില്യണ്‍ റിയാലായി. മൊത്തം ചരക്ക് കയറ്റുമതിയുടെ 32 ശതമാനമാണിത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പെട്രോകെമിക്കല്‍ ഇതര കയറ്റുമതിയാണിത്.
ഭക്ഷ്യ, പാലുല്‍പന്നങ്ങള്‍, ധാതുക്കള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയുള്‍പ്പെടെ 205 ലേറെ സൗദി ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി. രാസവള കയറ്റുമതിയിലും അസാധാരണമായ പ്രകടനം കാഴ്ചവെച്ചു. 2024 ല്‍ രാസവള കയറ്റുമതിയില്‍ അഞ്ചു ശതമാനം വളര്‍ച്ചയുണ്ടായി. വിഷന്‍ 2030 ആരംഭിച്ച ശേഷം രാസവള കയറ്റുമതി അഞ്ചിരട്ടിയിലേറെ വര്‍ധിച്ചു.
പുനര്‍കയറ്റുമതി മേഖല 2024 ല്‍ ചരിത്രപരമായ പ്രകടനം കാഴ്ചവെച്ചു. പുനര്‍കയറ്റുമതി 90 ബില്യണ്‍ റിയാലായി ഉയര്‍ന്നു. 2016 നെ അപേക്ഷിച്ച് 205 വളര്‍ച്ചയാണിത്. 2023 നെ അപേക്ഷിച്ച് 42 ശതമാനവും കോവിഡ് മഹാമാരിക്കു മുമ്പുള്ള 2019 നെ അപേക്ഷിച്ച് 114 ശതമാനവും കഴിഞ്ഞ വര്‍ഷം പുനര്‍കയറ്റുമതി വര്‍ധിച്ചു. മൊബൈല്‍ ഫോണുകളുടെ പുനര്‍കയറ്റുമതിയാണ് ഈ പ്രകടനത്തിന് പ്രധാനമായും സഹായിച്ചത്. 2024 ല്‍ 25 ബില്യണ്‍ റിയാലിന്റെ മൊബൈല്‍ ഫോണുകള്‍ പുനര്‍കയറ്റുമതി ചെയ്തു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മൊബൈല്‍ ഫോണ്‍ പുനര്‍കയറ്റുമതി ഇരട്ടിയിലേറെ വര്‍ധിച്ചു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംയോജിത ലോജിസ്റ്റിക്‌സ് സോണിന്റെ പ്രവര്‍ത്തനമാണ് മൊബൈല്‍ ഫോണ്‍ പുനര്‍കയറ്റുമതിയിലെ ശ്രദ്ധേയമായ വളര്‍ച്ചക്ക് കാരണം. ഇത് വിതരണ ശൃംഖലകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും പുനര്‍കയറ്റുമതി സുഗമമാക്കാനും സഹായിച്ചു.
2024 ല്‍ മൊത്തം പുനര്‍കയറ്റുമതിയുടെ 84 ശതമാനം യന്ത്രങ്ങള്‍, മെക്കാനിക്കല്‍ ഉപകരണങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍, അവയുടെ ഭാഗങ്ങള്‍ എന്നിവയായിരുന്നു. വിമാന ഭാഗങ്ങളുടെ പുനര്‍കയറ്റുമതിയിലും ഗണ്യമായ വളര്‍ച്ചയുണ്ടായി. 2022 ല്‍ ആണ് വിമാന ഭാഗങ്ങളുടെ പുനര്‍കയറ്റുമതി സൗദി അറേബ്യ ആരംഭിച്ചത്. ആ വര്‍ഷം 1.6 ബില്യണ്‍ റിയാലിന്റെ വിമാന ഭാഗങ്ങള്‍ പുനര്‍കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് രണ്ടു ബില്യണിലേറെ റിയാലായി ഉയര്‍ന്നു.
2024 ല്‍ സൗദി അറേബ്യ 180 ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. യു.എ.ഇ, ബഹ്റൈന്‍, ഇറാഖ്, ഒമാന്‍, അള്‍ജീരിയ, സ്പെയിന്‍, ഫ്രാന്‍സ്, പോളണ്ട്, ലിബിയ, സിറിയ എന്നിവയുള്‍പ്പെടെ 37 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ മൂന്നു കോടി വിദേശ ടൂറിസ്റ്റുകളെ സ്വാഗതം ചെയ്തു. കോവിഡ് പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 69 ശതമാനവും ടൂറിസം വരുമാനം 148 ശതമാനവും വര്‍ധിച്ചു.
2024 ലെ ആദ്യ ഏഴ് മാസങ്ങളില്‍ 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 73 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വളര്‍ച്ചയില്‍ ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ സൗദി അറേബ്യ മുന്നിലെത്തി.
ഗതാഗത മേഖല മൊത്തം സേവന കയറ്റുമതിയുടെ 12 ശതമാനം സംഭാവന ചെയ്തു. ഗതാഗത മേഖല അഞ്ചു ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. എണ്ണയിതര കയറ്റുമതിയുടെ ചരിത്രപരമായ പ്രകടനം വിഷന്‍ 2030 ലക്ഷ്യങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ സൗദി അറേബ്യ നേടിയ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. ആഗോള വിപണികളില്‍ സൗദി ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും സാന്നിധ്യം വര്‍ധിപ്പിക്കാനും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയുടെ പാതയെ പിന്തുണക്കാനുമുള്ള പൊതു-സ്വകാര്യ മേഖലകളുടെ സംയോജിത ശ്രമങ്ങള്‍ ഇത് സ്ഥിരീകരിക്കുന്നു.
എണ്ണ ഇതര കയറ്റുമതിയുടെ വികസനത്തെ പിന്തുണക്കാനും ദേശീയ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുമുള്ള റോഡ്മാപ്പ് വിഷന്‍ 2030 അവതരിപ്പിക്കുന്നു. ദേശീയ വ്യാവസായിക തന്ത്രം പോലുള്ള പ്രത്യേക സംരംഭങ്ങള്‍, പ്രോഗ്രാമുകള്‍, പിന്തുണാ തന്ത്രങ്ങള്‍ എന്നിവയിലൂടെ ഇത് നടപ്പാക്കുന്നു. വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനും ആഗോള വിതരണ ശൃംഖലകളില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താനും കയറ്റുമതി മേഖല വികസിപ്പിക്കാനും സഹായിക്കുന്ന വികസിതവും മത്സരാധിഷ്ഠിതവുമായ വ്യാവസായിക മേഖല കെട്ടിപ്പടുക്കാന്‍ ദേശീയ വ്യാവസായിക തന്ത്രം ലക്ഷ്യമിടുന്നു.