അബുദാബി – അബുദാബി കേന്ദ്രമായി യു.എ.ഇയില്‍ എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നു. യു.എ.ഇയിലും രാജ്യത്തിന് പുറത്തും ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ്, ലാന്‍ഡിംഗ് (ഇ-വിറ്റോള്‍) വിമാനങ്ങള്‍ പുറത്തിറക്കാന്‍ അബുദാബി ഏവിയേഷന്‍ ഗ്രൂപ്പ് കരാര്‍ ഒപ്പുവച്ചു. ഈ വര്‍ഷം മുതല്‍ തന്നെ ആഗോളതലത്തില്‍ മിഡ്നൈറ്റ് ഇ-വിറ്റോള്‍ ഇനത്തില്‍ പെട്ട വിമാനങ്ങളുടെ ആദ്യനിര വിന്യസിക്കാനായി അമേരിക്കന്‍ കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷനുമായാണ് അബുദാബി ഏവിയേഷന്‍ ഗ്രൂപ്പ് കരാര്‍ ഒപ്പിട്ടത്. അബുദാബി ഏവിയേഷന്‍ ഗ്രൂപ്പുമായി സഹകരിച്ച് ആരംഭിച്ച ആര്‍ച്ചറിന്റെ ലോഞ്ച് എഡിഷന്‍ പ്രോഗ്രാമിന്റെ ഭാഗമാണിത്.
മേഖലയില്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സേവനം ആരംഭിക്കാന്‍ നേതൃത്വം നല്‍കുന്നതിലും അബുദാബിയില്‍ നിന്നു തന്നെ ഇത് ആരംഭിക്കുന്നതിലും ഞങ്ങള്‍ ആവേശഭരിതരാണെന്ന് അബുദാബി ഏവിയേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നാദിര്‍ അല്‍ഹമ്മാദി പറഞ്ഞു.
മേഖലയില്‍ എയര്‍ ടാക്‌സി സേവനങ്ങള്‍ സുരക്ഷിതമായി ആരംഭിക്കുന്നതിന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഏകോപിപ്പിച്ച് പ്രാരംഭ വിമാനനിര സ്ഥാപിക്കാനാണ് കരാറിലൂടെ ഉദ്ദേശിക്കുന്നത്. എയര്‍ ടാക്‌സി നിരക്കുകള്‍ 800 ദിര്‍ഹം മുതല്‍ 1,500 ദിര്‍ഹം വരെയാകുമെന്നാണ് കരുതുന്നത്. കാറില്‍ 60 മിനിറ്റു മുതല്‍ 90 മിനിറ്റു യാത്ര ചെയ്യുന്നതിനു പകരം 10 മിനിറ്റു മുതല്‍ 20 മിനിറ്റു വരെ സമയം മാത്രമെടുത്ത് സുരക്ഷിതവും സുസ്ഥിരവും കുറഞ്ഞ ശബ്ദവുമുള്ള എയര്‍ ടാക്‌സി സര്‍വീസുകള്‍ ഉപയോഗിക്കാനാണ് ശ്രമം.
അബുദാബി മുതല്‍ ദുബായ് വരെയുള്ള തിരക്കേറിയ റൂട്ടുകളിലാണ് എയര്‍ ടാക്‌സി സേവനം ഉദ്ദേശിക്കുന്നത്. അബുദാബി, ദുബായ് യാത്രാ സമയം 30 മിനിറ്റില്‍ താഴെയായി എയര്‍ ടാക്‌സി കുറക്കും. നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന പൈലറ്റ് വിമാനമാണ് ആര്‍ച്ചര്‍ മിഡ്നൈറ്റ്. ഒന്നിലധികം വിപണികളില്‍ മിഡ്നൈറ്റ് വാണിജ്യപരമായി വിന്യസിക്കാന്‍ അബുദാബി ഏവിയേഷന്‍ ഗ്രൂപ്പും ആര്‍ച്ചറും സഹകരിച്ച് പ്രവര്‍ത്തിക്കും. പ്രവര്‍ത്തന വൈദഗ്ധ്യം വര്‍ധിപ്പിക്കാനും വരുമാനം സൃഷ്ടിക്കാനും ദീര്‍ഘകാല ആവശ്യം ശക്തിപ്പെടുത്തുന്നത് തുടരാനും ഇരു വിഭാഗവും പദ്ധതിയിടുന്നു.
സുരക്ഷിതവും കാര്യക്ഷമവുമായ വിന്യാസം ഉറപ്പാക്കാനും പ്രാരംഭ പ്രവര്‍ത്തനത്തെ പിന്തുണക്കാനുനായി അബുദാബി ഏവിയേഷന്‍ ഗ്രൂപ്പിന് ആര്‍ച്ചര്‍ പൈലറ്റുമാര്‍, ടെക്‌നീഷ്യന്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ അടങ്ങിയ ഒരു ടീമിനെ നല്‍കും. എയര്‍ ടാക്‌സി പ്രവര്‍ത്തനങ്ങളെ പിന്തുണക്കാനായി ബുക്കിംഗ് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള സംയോജിത സോഫ്റ്റ്വെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വാഗ്ദാനം ചെയ്യാനും ആര്‍ച്ചര്‍ പദ്ധതിയിടുന്നു.
ഇ-വിറ്റോള്‍ വിമാനങ്ങള്‍ വിന്യസിക്കുന്നതിലൂടെ ഭാവിസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ യു.എ.ഇ വളരെ മുന്നിലാണ്. വര്‍ഷങ്ങളായി ഇ-വിറ്റോള്‍ സാങ്കേതികവിദ്യയിലെ പുരോഗതി ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് – നാദിര്‍ അല്‍ഹമ്മാദി പറഞ്ഞു. യു.എ.ഇയിലേക്ക് ഈ നൂതന സംവിധാനം കൊണ്ടുവരാനായി ആര്‍ച്ചറുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. മേഖലയിലുടനീളമുള്ള വ്യോമയാന വ്യവസായത്തിലെ മുന്‍നിര ശക്തിയും മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ ഓപ്പറേറ്ററുമായ അബുദാബി ഏവിയേഷന്‍ ഗ്രൂപ്പിന്, അര്‍ബന്‍ എയര്‍ മൊബിലിറ്റി സേവനം വികസിപ്പിക്കാനുള്ള വൈദഗ്ധ്യമുണ്ട് – നാദിര്‍ അല്‍ഹമ്മാദി പറഞ്ഞു.
ദുബായില്‍ എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ ജോബി ഏവിയേഷനുമായി ആര്‍.ടി.എ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അടുത്ത വര്‍ഷാദ്യം ദുബായില്‍ എയര്‍ ടാക്‌സി സേവനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസുകള്‍ തരക്കേടില്ലാത്ത വിപണി വിഹിതം നേടിയാല്‍ റോഡ് മാര്‍ഗമുള്ള യാത്ര കൂടുതല്‍ എളുപ്പമാകുമെന്നും ഇത്തിഹാദ് റെയിലിനൊപ്പം, യു.എ.ഇയുടെ ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലകളിലെ സാധ്യതകളെ എയര്‍ ടാക്‌സികള്‍ ഗണ്യമായി പരിവര്‍ത്തനം ചെയ്യുമെന്നും ഗതാഗത വ്യവസായ വിശകലന വിദഗ്ധന്‍ പറഞ്ഞു.