ജിദ്ദ – സൗദി കറന്‍സി ആദ്യമായി കാലിഗ്രാഫി ചെയ്ത പ്രശസ്ത സൗദി കാലിഗ്രാഫര്‍ അബ്ദുറസാഖ് ഖോജ അന്തരിച്ചു. 95 വയസായിരുന്നു. ജിദ്ദ കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സ് സൊസൈറ്റി അബ്ദുറസാഖ് ഖോജയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്റര്‍മീഡിയറ്റ് കാലം തൊട്ട് അബ്ദുറസാഖ് ഖോജ എഴുത്തിലും കാലിഗ്രാഫിയിലും തന്റെ കഴിവ് പ്രകടിപ്പിച്ചു. ഹിജ്റ 1375 ല്‍ അദ്ദേഹം സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സിക്കുവേണ്ടി കറന്‍സി നോട്ടുകളിലും നാണയങ്ങളിലും കാലിഗ്രാഫി ചെയ്യാന്‍ തുടങ്ങി. 1381 ല്‍ അന്നദ് വ പത്രത്തിന് വേണ്ടി വാര്‍ത്തകളുടെ തലക്കെട്ടുകള്‍ എഴുതാന്‍ ആരംഭിച്ചു.
ഫൈസല്‍ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ് എന്നിവരുടെ ഭരണകാലങ്ങളില്‍ അബ്ദുറസാഖ് ഖോജ കറന്‍സികളില്‍ കാലിഗ്രാഫി ചെയ്തു. ഒരു റിയാല്‍ മുതല്‍ 500 റിയാല്‍ വരെ എല്ലാ മൂല്യങ്ങളിലുമുള്ള കറന്‍സികളും കാലിഗ്രാഫി ചെയ്തത് താനാണെന്ന് ഖോജ നേരത്തെ സൂചിപ്പിച്ചിരുന്നു.
ഖാലിദ് രാജാവ്, ഫഹദ് രാജാവ്, നായിഫ് രാജകുമാരന്‍ എന്നിവരുടെ പാസ്പോര്‍ട്ടുകളും അദ്ദേഹം കാലിഗ്രാഫി ചെയ്തിരുന്നു. ജിദ്ദയിലെ റോയല്‍ പ്രോട്ടോക്കോളില്‍ ജോലി ചെയ്ത അദ്ദേഹം നിരവധി പ്രസിഡന്റുമാര്‍ക്കും നേതാക്കള്‍ക്കും പ്രമുഖ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ മെഡലുകളും പതക്കങ്ങളും കാലിഗ്രാഫി ചെയ്തു.

പ്രധാനമായും പത്രപ്രവര്‍ത്തന മേഖലയിലാണ് ഖോജ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ സൗദി പത്രങ്ങള്‍ക്കു വേണ്ടി തലക്കെട്ടുകള്‍ എഴുതുന്നതിലും കവര്‍ ആര്‍ട്ട് വരക്കുന്നതിലും അദ്ദേഹം പ്രശസ്തനായിരുന്നു. രാജ്യത്തിന്റെ സമകാലിക ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകള്‍ രേഖപ്പെടുത്തിയ ചരിത്ര തലക്കെട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2019 ല്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ കാര്‍മികത്വത്തില്‍ നടന്ന കാലിഗ്രാഫി മത്സരത്തില്‍ അബ്ദുറസാഖ് ഖോജ അറബിക് കാലിഗ്രാഫി അവാര്‍ഡ് നേടിയിരുന്നു.