കൊച്ചി: തുടര്‍ച്ചയായ തോല്‍വിക്കിടയില്‍ ഐ.എസ്.എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് പരാജയപ്പെടുത്തിയത്. 62ാം മിനിറ്റില്‍ മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ റോക്കി സമ്മാനിച്ച സെല്‍ഫ് ഗോളും 80ാം മിനിറ്റില്‍ നോഹ സദോയിയുടെ ഗോളും 90ാം മിനിറ്റിലെ അലക്‌സാണ്ട്രെ കോഫിന്റെ ഗോളുമാണ് മഞ്ഞപ്പടക്ക് ജയം നേടിക്കൊടുത്തത്. താല്‍ക്കാലിക കോച്ച് ടി ജി പുരുഷോത്തമന്റെ കീഴിലിറങ്ങിയ ടീം വിജയത്തിനായി പൊരുതിക്കളിച്ചു. മത്സരത്തിലുടനീളം ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ടുനിന്നു.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാംപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളിനായി പൊരുതിക്കളിച്ചു. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണര്‍ കിക്കില്‍ പോസ്റ്റിലേക്ക് ഉയര്‍ന്നുവന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ റോക്കിക്ക് സംഭവിച്ച പിഴവ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. സ്‌കോര്‍ 1-0.
80ാം മിനിറ്റില്‍ നോഹ സദോയിയുടെ മനോഹരമൊരു ഗോള്‍. ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. സ്‌കോര്‍ 2-0. 90ാം മിനിറ്റില്‍ ഗാലറിയില്‍ ആവേശം ഇരട്ടിപ്പിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ എത്തി. ഇത്തവണ അലക്‌സാണ്ട്രെ കോഫിന്റെതായിരുന്നു ഊഴം. ബ്ലാസ്‌റ്റേഴ്‌സ് 3-0ന് മുന്നില്‍. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ഐ.എസ്.എല്ലിലെ വിജയവരള്‍ച്ചക്ക് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവസാനമിട്ടു. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ പത്താം സ്ഥാനത്താണുള്ളത്.