കോഴിക്കോട്: ഹോട്ടലുകളിൽനിന്ന് ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കുന്ന സ്വിഗ്ഗി ഡെലിവറി ബോയ് ചേവരമ്പലത്ത് വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ സ്വദേശി മാലക്കൽ രാജന്റെ മകൻ രഞ്ജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിലാണ് യുവാവിനെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുന്നതിനിടെ, ഏതെങ്കിലും വാഹനം ഇടിച്ച് തെറിപ്പിച്ച് വെള്ളക്കെട്ടിൽ വീണതാണോ എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
വെള്ളക്കെട്ടിൽ ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഇത് രണ്ടാം തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്.
പ്രദേശത്ത് ഡിവൈഡർ ഇല്ലാത്തതാണ് അപകടമുണ്ടാകാൻ കാരണമെന്ന് ഓട്ടോ ഡ്രൈവർമാർ പ്രതികരിച്ചു. രാത്രി വെളിച്ചമില്ലാത്ത പ്രദേശമാണിത്. ഇവിടെ കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.