ന്യൂയോര്‍ക്ക്– ഏറെ ജനപ്രീതി നേടിയ ഇന്ത്യന്‍ വേരുകളുള്ള അമേരിക്കന്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ തെരെഞ്ഞെടുപ്പിലല്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ അത്ഭുതകരമായ വിജയം നേടിയതായി ചൊവ്വാഴ്ച ന്യൂയോര്‍ക്ക് സിറ്റി ഇലക്ഷന്‍ ബോര്‍ഡ് സ്ഥിരീകരിച്ചു. ഇതോടെ നവംബറിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നോമിനിയാകാന്‍ ഈ മികച്ച രാഷ്ട്രീയ നേതാവിന് സാധ്യമാവും. പുറത്തിറങ്ങിയ റാങ്ക്-ചോയ്സ് വോട്ടിംഗ് ഫലങ്ങള്‍ പ്രകാരം മൂന്നാം റൗണ്ട് വോട്ടിംഗില്‍ 56% വോട്ടുകളാണ് മംദാനി നേടിയത്. ന്യൂയോര്‍ക്ക് സംസ്ഥാന അസംബ്ലി അംഗമായ മംദാനിക്ക് വിജയിക്കാന്‍ 50% വോട്ടുകള്‍ മാത്രമേ ആവശ്യമുള്ളൂ. ഡെമോക്രാറ്റിക് നോമിനി എന്ന നിലയില്‍ മംദാനി പൊതുതെരഞ്ഞെടുപ്പില്‍ നിലവിലെ മേയര്‍ എറിക് ആഡംസിനെയാണ് നേരിടുക.
അതിനിടെ ഡോണാള്‍ഡ് ട്രംപ് ഭരണകൂടം ആദ്യ ‘ഇന്ത്യന്‍’ മുസ്ലിം മേയറായി വരാനിരിക്കുന്ന സൊഹ്‌റാന്‍ മംദാനിയുടെ അമേരിക്കന്‍ പൗരത്വം റദ്ദാക്കാനുള്ള നടപടികള്‍ ആലോചിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
‘ഭീകരത’യെ പിന്തുണക്കുന്ന വ്യക്തിയാണ് മംദാനിയെന്നും അത് മറച്ചുവെച്ചിരിക്കുകയായതിനാല്‍ പൗരത്വം റദ്ദാക്കണമെന്നും ടെന്നസിയിലെ വലതുപക്ഷ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗമായ ആന്‍ഡി ഓഗിള്‍സ് ആവശ്യപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മംദാനിയെക്കുറിച്ച് അന്വേഷണത്തിന് വഴിയൊരുങ്ങുന്നുവെന്ന് സൂചന നല്‍കിയത്.
2021-ല്‍ തന്റെ ആദ്യ മേയര്‍ മത്സരത്തില്‍ ഡെമോക്രാറ്റായി വിജയിച്ച ആഡംസിനെതിരെ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. ”നിരവധി റൗണ്ട് റാങ്ക്-ചോയ്സ് വോട്ടെടുപ്പുകള്‍ക്ക് ശേഷമാണ് വിജയം വരിക്കേണ്ടതെന്ന് എപ്പോഴും കരുതിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഏഴ് റൗണ്ടുകളില്‍ എറിക് ആഡംസിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ആദ്യ റൗണ്ടില്‍ തന്നെ ഞങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ അത് അതിശയിപ്പിക്കുന്നതായി.”- എക്സിലെ ഒരു പുതിയ വീഡിയോയില്‍ മംദാനി പ്രൈമറിയിലെ തന്റെ വിജയത്തെ 2021-ല്‍ ആഡംസ് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണവുമായി താരതമ്യം ചെയ്ത് വിശദീകരിച്ചു.
ഉഗാണ്ടയില്‍ ജനിച്ച 33 കാരനായ മംദാനി 2018 ല്‍ യുഎസ് പൗരനായി. ഫലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയുള്ള പ്രസ്താവനകളുടെ പേരില്‍ ഏറെ ശ്രദ്ധേയനായി. ഇസ്രാഈലിന്റെ വംശീയ നീക്കങ്ങളെ അപലപിച്ച മംദാനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലെ മുസ്ലിം ഹത്യയേയും അതിനിശിതമായി വിമര്‍ശിച്ചിരുന്നു. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ സിനിമാ സംവിധായികയായ മീര നയ്യാറും ഇന്ത്യന്‍ ആഫ്രിക്കന്‍ നരവംശ-സാമൂഹിക ശാസ്ത്രജ്ഞനും പ്രഗത്ഭ എഴുത്തുകാരനുമായ മഹ്‌മൂദ് മംദാനിയുടേയും മകനാണ് സൊഹ്‌റാന്‍ മംദാനി. സ്വയം ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന സൊഹ്‌റാന്റെ അപ്രതീക്ഷിത വിജയം മുതിര്‍ന്ന രാഷ്ട്രീയക്കാരനായ ആന്‍ഡ്രൂ ക്യൂമോയെ മറികടന്നായത് ഡെമോക്രാറ്റുകളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയുണ്ടായി.
കൂടാതെ അദ്ദേഹം ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്ക നല്‍കുന്ന ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായതിനാലാണ് ട്രംപ് സൊഹ്‌റാന്‍ മംദാനിയെ എതിര്‍ക്കുന്നത്. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായതിനാല്‍ തന്നെ സൊഹ്റാന്റെ വിജയം ചിന്തിക്കാന്‍ കഴിയുന്നില്ലായെന്നും ട്രംപ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ”എനിക്ക് നിങ്ങളോട് ഒരു കാര്യമാണ് പറയാനുള്ളത്. ആര് ന്യൂയോര്‍ക്ക് മേയറായാലും അവര്‍ സ്വന്തം പെരുമാറ്റം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഫെഡറല്‍ ഗവണ്‍മെന്റ് സാമ്പത്തികമായി അവര്‍ക്കെതിരെ വളരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.”-ട്രംപ് വ്യക്തമാക്കി. മംദാനിയെ ‘100% കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍’ എന്നും ട്രംപ് ആക്ഷേപിച്ചിരുന്നു.