വാഷിംഗ്ടണ്‍ – വാഷിംഗ്ടണ്‍ ഡി.സിയില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരെ അഫ്ഗാന്‍ യുവാവ് വെടിവച്ചതിനെ തുടര്‍ന്ന് അഫ്ഗാന്‍ പൗരന്മാരില്‍ നിന്നുള്ള എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളും പരിഗണിക്കുന്നത് അനിശ്ചിതമായി നിര്‍ത്തിവെച്ചതായി യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു. വൈറ്റ് ഹൗസിന് സമീപമുള്ള വെടിവെപ്പിനെ ഭീകരപ്രവര്‍ത്തനമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. തന്റെ മുന്‍ഗാമിയായ ജോ ബൈഡന്റെ കാലത്ത് അമേരിക്കയില്‍ പ്രവേശിച്ച അഫ്ഗാന്‍ കുടിയേറ്റക്കാരുടെ ഫയലുകള്‍ പുനഃപരിശോധിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചു. അമേരിക്കയെ ഇഷ്ടപ്പെടാത്ത ഏതൊരു രാജ്യത്തുനിന്നുമുള്ള വിദേശികളെയും പുറത്താക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
നമ്മുടെ രാജ്യത്തിന്റെ ദേശീയ സുരക്ഷക്കുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഈ ആക്രമണം ഉയര്‍ത്തിക്കാട്ടുന്നത്. മുന്‍ ഭരണകൂടം ലോകമെമ്പാടും നിന്ന് രേഖകളില്ലാത്തവര്‍ അടക്കം രണ്ടു കോടി നിയമവിരുദ്ധ കുടിയേറ്റക്കാരെ അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. ഒരു രാജ്യത്തിനും അതിന്റെ നിലനില്‍പ്പിന് ഇത്തരമൊരു ഭീഷണി സഹിക്കാന്‍ കഴിയില്ല. ബൈഡന്‍ കാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്ന് നമ്മുടെ രാജ്യത്ത് പ്രവേശിച്ച എല്ലാ വിദേശികളുടെയും രേഖകള്‍ പുനഃപരിശോധിക്കും. അമേരിക്കയുമായി താദാത്മ്യം പ്രാപിക്കാത്തവരോ നമ്മുടെ രാജ്യത്തിന് സംഭാവന നല്‍കാത്തവരോ ആയ മുഴുവന്‍ കുടിയേറ്റക്കാരെയും രാജ്യത്തു നിന്ന് നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും. അവര്‍ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ക്ക് അവരെ വേണ്ടയെന്നും ട്രംപ് പറഞ്ഞു.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് 2021 ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് അഫ്ഗാനികള്‍ പ്രത്യേക കുടിയേറ്റ സംരക്ഷണത്തില്‍ അമേരിക്കയില്‍ പ്രവേശിച്ചിരുന്നു. ഈ വര്‍ഷാദ്യം അഫ്ഗാനിസ്ഥാനില്‍ നിന്നും മറ്റ് 11 രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് ട്രംപ് അമേരിക്കയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. യു.എസ് സൈന്യവുമായി ചേര്‍ന്ന് നേരിട്ട് പ്രവര്‍ത്തിച്ചവരെയും ആ സഹകരണത്തിന്റെ ഫലമായി താലിബാന്‍ പ്രതികാരം ചെയ്യുമെന്ന് ഭയക്കുന്നവര്‍ക്കും ലഭ്യമായ പ്രത്യേക ഇമിഗ്രേഷന്‍ വിസകള്‍ കൈവശമുള്ള അഫ്ഗാന്‍ പൗരന്മാര്‍ അടക്കം ചില വിഭാഗങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
2021 ല്‍ അമേരിക്ക പിന്‍വാങ്ങിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും അധികാരത്തില്‍ വന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് നാടുകടത്തല്‍ സംരക്ഷണം നല്‍കുന്ന നടപടിയും ട്രംപ് അവസാനിപ്പിച്ചിട്ടുണ്ട്. യുദ്ധം കാരണം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നത് സുരക്ഷിതമല്ലെന്ന് യു.എസ് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ താല്‍ക്കാലിക സംരക്ഷിത സ്റ്റാറ്റസ് പ്രോഗ്രാം അനുവദിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, 500 നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ കൂടി വാഷിംഗ്ടണിലേക്ക് അയക്കാന്‍ പ്രസിഡന്റ് തന്നോട് ആവശ്യപ്പെട്ടതായി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. വാഷിംഗ്ടണ്‍ ഡി.സിയെ സുരക്ഷിതവും മനോഹരവുമാക്കാനുള്ള ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ഇത് ശക്തിപ്പെടുത്തുകയാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. നിലവില്‍ നഗരത്തില്‍ ഏകദേശം 2,200 നാഷണല്‍ ഗാര്‍ഡ് സൈനികരുണ്ട്. സൈനിക സേനയായി പ്രവര്‍ത്തിക്കാന്‍ സജീവമാക്കാവുന്ന റിസര്‍വ് സേനയാണ് ഇവര്‍. എന്നാല്‍ നിയമം നടപ്പിലാക്കാനോ അറസ്റ്റ് ചെയ്യാനോ കഴിയാത്തതിനാല്‍ ഇവര്‍ക്ക് പരിമിതമായ അധികാരം മാത്രമാണുള്ളത്.
അനിയന്ത്രിതമായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വാഷിംഗ്ടണില്‍ ട്രംപ് ഓഗസ്റ്റില്‍ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ചിരുന്നു. സേനയെ അയച്ചശേഷം നഗരത്തില്‍ മൊത്തത്തിലുള്ള കുറ്റകൃത്യങ്ങള്‍ കുറഞ്ഞെന്നും തെരുവുകളിലെ സൈനികരുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്നും ട്രംപ് ചൂണ്ടികാണിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ നയിക്കുന്ന അമേരിക്കയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും സമാനമായ നിലക്ക് നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം അതിരുകടന്നതായി ആരോപിക്കുന്ന എതിരാളികള്‍ ഇതിനെതിരെ നിയമപരമായ വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്.



