വാഷിംഗ്ടൺ– ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിലുള്ള വിശ്വാസം അമേരിക്കക്ക് നഷ്ടമാകുന്നതായും നെതന്യാഹുവിനെ പുറത്താക്കാൻ അമേരിക്ക ശ്രമങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകൾ. വൈറ്റ് ഹൗസും നെതന്യാഹുവിന്റെ സർക്കാരും തമ്മിലുള്ള വിശ്വാസ പ്രതിസന്ധി ഇസ്രായിൽ മാധ്യമങ്ങൾ തന്നെയാണ് വെളിപ്പെടുത്തിയത്. തെക്കൻ ലെബനോനിൽ നിന്ന് പിൻവാങ്ങാനും യുദ്ധം അവസാനിപ്പിക്കാനും ഇസ്രായിലിന് മേൽ അമേരിക്ക കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇസ്രായിൽ പ്രതിപക്ഷവുമായി അമേരിക്ക ആശയവിനിമയങ്ങൾ നടത്തുന്നതായി ഇസ്രായിലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ഇസ്രായിലിൽ സർക്കാർ മാറ്റത്തിനുള്ള ഉയർന്ന സാധ്യതയാണ് കാണുന്നത്. ടുഗെദർ പാർട്ടിയുടെ തലവനായ നഫ്താലി ബെന്നറ്റുമായും യെഷ് ആറ്റിഡ് പാർട്ടിയുടെ നേതാവ് ഗാഡി ഐസെൻകോട്ടുമായും അമേരിക്ക അനൗദ്യോഗിക ആശയവിനിമയങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ചാനൽ വ്യക്തമാക്കി.
ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിലെ തീവ്രനിലപാടുകാരായ മന്ത്രിമാരെ കുറിച്ച് യു.എസ് ഭരണകൂടം കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പുതിയ ജനകീയ അടിത്തറ കെട്ടിപ്പടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. യു.എസ് ഭരണകൂടവുമായി ബന്ധം സ്ഥാപിക്കാൻ ഇസ്രായിലിലെ പ്രതിപക്ഷവും സജീവമായി പ്രവർത്തിക്കുന്നുണ്ട്. നെതന്യാഹുവിന്റെ നയങ്ങളെ വിമർശിക്കുന്ന യു.എസ് ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുന്നതിൽ പ്രതിപക്ഷം പരിമിതമായ വിജയം നേടിയിട്ടുണ്ട്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഇസ്രായിൽ സർക്കാരുമായുള്ള വിശ്വാസ പ്രതിസന്ധിയുടെ വെളിച്ചത്തിൽ രാഷ്ട്രീയ അവസരങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണ് യു.എസ് നീക്കത്തിന്റെ ലക്ഷ്യമെന്ന് ചാനൽ പറഞ്ഞു. നിലവിലെ ഇസ്രായിൽ ഭരണകൂടത്തിനും അമേരിക്കക്കും ഇടയിൽ പരസ്പര വിശ്വാസ പ്രതിസന്ധിയും അഭിപ്രായ വ്യത്യാസങ്ങളും വർധിച്ചുവരികയാണ്. ഇസ്രായിലുമായി പുതിയ അനൗദ്യോഗിക വിശ്വാസ സംവിധാനങ്ങൾ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത യു.എസ് ഭരണകൂടം കാണുന്നുണ്ടെങ്കിലും, ട്രംപ് ഇതുവരെ നെതന്യാഹുവിനുള്ള തന്റെ പിന്തുണ ഉപേക്ഷിച്ചിട്ടില്ലെന്നും ചാനൽ 12 വ്യക്തമാക്കി.
തെക്കൻ ലെബനോനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ അമേരിക്ക ഇസ്രായിലിനോട് ആവശ്യപ്പെടുമെന്ന് യു.എസ് ഭരണകൂടവുമായി അടുത്ത സ്രോതസ്സ് വെളിപ്പെടുത്തിയതായി ഇസ്രായിലി പത്രമായ ഇസ്രായേൽ ഹയോം റിപ്പോർട്ട് ചെയ്തു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ നയമാറ്റവും ഇസ്രായിലിനുമേൽ വർദ്ധിച്ചുവരുന്ന നയതന്ത്ര സമ്മർദ്ദവും കണക്കിലെടുക്കുമ്പോൾ അമേരിക്കക്കാരുമായുള്ള സാഹചര്യം വളരെ ബുദ്ധിമുട്ടാണെന്ന് നെതന്യാഹുവിനോട് അടുപ്പമുള്ളവർ പത്രത്തോട് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇസ്രായിൽ വിവേകപൂർവ്വം പ്രവർത്തിക്കുകയും യുക്ത്യനുസൃതം പ്രതികരിക്കുകയും ചെയ്യണമെന്ന് അവർ വ്യക്തമാക്കി. എന്നാൽ ഇറാനുമായുള്ള കരാറിനെ ലെബനോനിലെ സൈനിക നടപടികൾ അവസാനിപ്പിക്കുന്നതുമായും സുരക്ഷാ ഇളവുകൾ നൽകുന്നതുമായും ബന്ധിപ്പിക്കുന്നത് ഇസ്രായിൽ സർക്കാരിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ നിരാകരിക്കുന്നു. തെക്കൻ ലെബനോനിലെ പ്രദേശങ്ങളിലെ ഇസ്രായിൽ അധിനിവേശം നിലനിർത്താനും സൈനിക നടപടികൾ തുടരാനുമുള്ള പ്രതിബദ്ധത അവർ സ്ഥിരീകരിച്ചു.
ആക്രമണ ദൗത്യങ്ങൾ ഭൂരിഭാഗവും പൂർത്തിയാക്കിയ ശേഷം വരും ദിവസങ്ങളിൽ തെക്കൻ ലെബനോനിൽ സേനയെ കുറക്കാൻ തുടങ്ങുമെന്ന് ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. ഇസ്രായിലി, ലെബനോൻ ചർച്ചാ സംഘങ്ങൾ ഈ ആഴ്ച യോഗം ചേരുമെന്നും ഹിസ്ബുല്ല പോരാളികളിൽ നിന്ന് മോചിപ്പിച്ച പ്രദേശങ്ങൾ നിർണ്ണയിക്കുകയും അവയുടെ ഉത്തരവാദിത്തം ലെബനീസ് സൈന്യത്തിന് കൈമാറുമെന്നും ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ പറഞ്ഞു. അതിർത്തിയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയുള്ള ടാങ്ക് വിരുദ്ധ മിസൈൽ ലൈനിലേക്ക് ഇസ്രായിൽ തങ്ങളുടെ സൈന്യത്തെ പുനർവിന്യസിക്കണമെന്ന് യു.എസ് ഭരണകൂടം ആഗ്രഹിക്കുന്നു. എന്നാൽ ടാങ്ക് വിരുദ്ധ ലൈനിൽ നിന്ന് സൈന്യം പിന്മാറില്ലെന്നും അടുത്തിടെ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് ചർച്ചകളുടെ ഭാഗമായി പിൻവാങ്ങിയേക്കാമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കൻ ലെബനോനിലെ സുരക്ഷാ മേഖലയിൽ അസാധാരണമായ സംഭവങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സ്രോതസ്സ് വ്യക്തമാക്കി.
സൈന്യം ഇതുവരെ പ്രവേശിച്ചിട്ടില്ലാത്ത, തെൽ അലി അൽതാഹിർ പ്രദേശത്തെ തുരങ്കങ്ങളിൽ ഹിസ്ബുല്ല ഇറാൻ നിർമ്മിത ബാലിസ്റ്റിക് മിസൈലുകൾ സൂക്ഷിച്ചതായി ഇസ്രായിലി വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. അടുത്ത നടപടിയെ കുറിച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനത്തിനായി സൈന്യം കാത്തിരിക്കുകയാണെന്നും ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. ഇറാൻ, ലെബനോൻ മേഖലകളെ വേർതിരിക്കാൻ ഇസ്രായിൽ നിർബന്ധം പിടിക്കുന്നുണ്ടെന്നും ഇസ്രായിലിന്റെ ഈ നിലപാട് അമേരിക്കയുമായുള്ള പിരിമുറുക്കം വർദ്ധിപ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലിന്റെ ചാനൽ 12 പറഞ്ഞു.
ദക്ഷിണ ലെബനോനിൽ ബഫർ സോൺ നിലനിർത്തുന്നതിലും അലി അൽതാഹിർ കുന്നിലെ ഭീമാകാരമായ ഭൂഗർഭ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നത് പൂർത്തിയാക്കുന്നതിലുമാണ് ഇസ്രായിൽ സൈന്യം നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹിസ്ബുല്ലയെ ഒറ്റപ്പെടുത്താൻ ലെബനീസ് സർക്കാരുമായുള്ള ആശയവിനിമയം വേഗത്തിലാക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതൃത്വത്തോട് ശുപാർശ ചെയ്തിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ഇറാനുമായുള്ള ചർച്ചകളിൽ ഗാസയെ കൂടി ഉൾപ്പെടുത്തിയുള്ള ഒരു വിശാല കരാർ അമേരിക്ക തയ്യാറാക്കിയേക്കുമെന്ന് ഇസ്രായിൽ സൈന്യം ഭയപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു. എന്നാൽ ലെബനോൻ, സിറിയ, ഗാസ എന്നിവിടങ്ങളിലെ സുരക്ഷാ മേഖലകളിൽ ഇസ്രായിൽ സൈന്യം തുടരുമെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചു. ഹിസ്ബുല്ല ഭീഷണി ഇല്ലാതാക്കിക്കഴിഞ്ഞാൽ ലെബനോനുമായി കരാർ ഒപ്പുവെക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.



