ജനീവ – ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ യു.എന്‍ ഏജന്‍സി പരാജയപ്പെട്ടതാണ് തങ്ങളുടെ തീരുമാനത്തിന് കാരണമെന്ന് അമേരിക്ക പറഞ്ഞു. ഇത്തരമൊരു നീക്കം യു.എസിലും ആഗോളതലത്തിലും ആരോഗ്യ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഒരു വര്‍ഷമായി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറിയതായാണ് റിപ്പോർട്ട്.
2025 ല്‍ അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമത് അധികാരമേറ്റതിന്റെ ആദ്യ ദിവസം തന്നെ ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രഖ്യാപിച്ചിരുന്നു. പിന്മാറ്റം സുഗമമാക്കുന്നതിന് മാത്രമായി ലോകാരോഗ്യ സംഘടനയുമായുള്ള യു.എസ് ഇടപെടല്‍ പരിമിതപ്പെടുത്തുമെന്ന് യുഎസ് ആരോഗ്യ, വിദേശ മന്ത്രാലയങ്ങള്‍ സംയുക്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സംഘടനയില്‍ ഒരു നിരീക്ഷക പദവിയോടെ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല, വീണ്ടും ചേരാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല – മുതിര്‍ന്ന സര്‍ക്കാര്‍ ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രോഗ നിരീക്ഷണത്തിലും മറ്റ് പൊതുജനാരോഗ്യ മുന്‍ഗണനകളിലും അന്താരാഷ്ട്ര സംഘടനയിലൂടെ അല്ലാതെ മറ്റ് രാജ്യങ്ങളുമായി നേരിട്ട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി അമേരിക്ക സൂചിപ്പിച്ചു.
യു.എസ് നിയമപ്രകാരം, ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നതിന് മുമ്പ് ഒരു വര്‍ഷത്തെ നോട്ടീസ് നല്‍കുകയും ഏകദേശം 26 കോടി ഡോളര്‍ വരുന്ന മുഴുവന്‍ കുടിശ്ശികകളും അടക്കുകയും വേണം. എന്നാല്‍ പിന്മാറുന്നതിന് മുമ്പ് എന്തെങ്കിലും തുക നല്‍കണമെന്ന നിബന്ധന നിയമത്തില്‍ ഉള്‍പ്പെടുന്നു എന്ന വസ്തുത അമേരിക്കന്‍ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നിഷേധിച്ചു.
ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് നിന്ന് യു.എസ് പതാക നീക്കം ചെയ്തതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപ ആഴ്ചകളില്‍ മറ്റേതാനും യു.എന്‍ സംഘടനകളില്‍ നിന്നും പിന്മാറാന്‍ യു.എസ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ട്രംപ് അടുത്തിടെ സ്ഥാപിച്ച പീസ് ബോര്‍ഡ് യു.എന്നിനെ മൊത്തത്തില്‍ ദുര്‍ബലപ്പെടുത്തുമെന്ന് ചിലര്‍ ഭയപ്പെടുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഉള്‍പ്പെടെ നിരവധി ആഗോള ആരോഗ്യ വിദഗ്ധര്‍ സംഘടനയില്‍ നിന്ന് പിന്മാറാനുള്ള നീക്കം അമേരിക്ക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്ക തീരുമാനം പുനഃപരിശോധിക്കുമെന്നും ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നത് അമേരിക്കക്കും മറ്റു ലോകരാജ്യങ്ങള്‍ക്കും നഷ്ടമാണ് – ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഈ മാസാദ്യം പത്രസമ്മേളനത്തില്‍ പറഞ്ഞു. 2024, 2025 വര്‍ഷങ്ങളിലെ കുടിശ്ശിക അമേരിക്ക അടച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ പിന്മാറ്റം ലോകാരോഗ്യ സംഘടനയില്‍ ബജറ്റ് പ്രതിസന്ധിക്ക് കാരണമായി. ഇത് സംഘടനയുടെ മാനേജ്‌മെന്റ് ടീമിന്റെ എണ്ണം പകുതിയോളം കുറയാനും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കുറവുണ്ടാകാനും കാരണമായി. ലോകാരോഗ്യ സംഘടനക്ക് ഏറ്റവും വലിയ സാമ്പത്തിക സംഭാവന നല്‍കുന്ന രാജ്യം അമേരിക്കയായിരുന്നു. സംഘടനയുടെ മൊത്തം ഫണ്ടിന്റെ ഏകദേശം 18 ശതമാനം അമേരിക്കയാണ് നല്‍കിയിരുന്നത്. ഈ വര്‍ഷം മധ്യത്തോടെ സംഘടന അതിന്റെ ജീവനക്കാരില്‍ നാലിലൊന്ന് പേരെ പിരിച്ചുവിടുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം മുഴുവന്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും വിവരങ്ങള്‍ പങ്കിടുകയും ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഭാവിയില്‍ ഈ സഹകരണം എങ്ങിനെ തുടരുമെന്ന് വ്യക്തമല്ല.



