വാഷിംഗ്ടണ്‍ – ഇറാന്‍ യുദ്ധവിരുദ്ധ നിലപാട് സ്വീകരിച്ചതിന് സ്‌പെയിനിനെ ഭീഷണിപ്പെടുത്തിയും ബ്രിട്ടനെ വിമര്‍ശിച്ചും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെ ആക്രമിക്കാന്‍ യു.എസ് വിമാനങ്ങള്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സ്‌പെയിനുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ബ്രിട്ടന്‍ കൂടുതല്‍ സഹകരിക്കാത്തതിനെയും ട്രംപ് വിമര്‍ശിച്ചു.
യൂറോപ്പിലെ ട്രംപിന്റെ ഏറ്റവും കടുത്ത വിമര്‍ശകരില്‍ ഒരാളായ പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള സ്പാനിഷ് സര്‍ക്കാര്‍, യു.എന്‍ ചാര്‍ട്ടറിന് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ സ്‌പെയിനില്‍ ദീര്‍ഘകാലമായി അമേരിക്കന്‍ സൈന്യം തങ്ങുന്ന രണ്ട് താവളങ്ങള്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന് അറിയിച്ചു. മുമ്പ് സ്‌പെയിന്‍ അത്ഭുതകരമായിരുന്നെന്ന് വൈറ്റ് ഹൗസില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാറ്റോ അംഗരാജ്യങ്ങളുടെ പ്രതിരോധ ചെലവ് ജി.ഡി.പിയുടെ 5 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാഞ്ചസ് വിസമ്മതിച്ചതായും ട്രംപ് സൂചിപ്പിച്ചു. നാറ്റോ അംഗരാജ്യങ്ങള്‍ പ്രതിരോധ ചെലവ് മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്നും പ്രതിരോധ കാര്യങ്ങള്‍ക്ക് അമേരിക്ക വളരെയധികം ഭാരം വഹിക്കുന്നുണ്ടെന്നും ട്രംപ് വാദിക്കുന്നു.
സ്‌പെയിനുമായുള്ള എല്ലാ വ്യാപാരവും ഞങ്ങള്‍ നിര്‍ത്തും. സ്‌പെയിനുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവും വേണ്ട. അവരുമായുള്ള എല്ലാ ഇടപാടുകളും വിച്ഛേദിക്കാന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബിസെന്റിനോട് താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. അടിയന്തരാവസ്ഥാ അധികാരങ്ങള്‍ ഉപയോഗിച്ച് ട്രംപ് ഏകപക്ഷീയമായ താരിഫ് ചുമത്തുന്നത് സുപ്രീം കോടതി നിരോധിച്ച പശ്ചാത്തലത്തില്‍ സ്‌പെയിനുമായുള്ള വ്യാപാരം എങ്ങിനെ ട്രംപ് അവസാനിപ്പിക്കുമെന്ന് വ്യക്തമല്ല. എനിക്ക് നാളെയോ ഇന്നോ സ്‌പെയിനുമായുള്ള എല്ലാ ബന്ധങ്ങളും എല്ലാ വ്യാപാരവും നിര്‍ത്തലാക്കാന്‍ കഴിയും. ഇഷ്ടമുള്ളത് ചെയ്യാന്‍ എനിക്ക് അവകാശമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായും പരസ്പരം പ്രയോജനകരമായ വ്യാപാര ബന്ധമാണുള്ളതെന്ന് പ്രസ്താവിച്ചുകൊണ്ട് സ്പാനിഷ് സര്‍ക്കാര്‍ ട്രംപിന് മറുപടി നല്‍കി. യു.എസ് ഭരണകൂടം ഈ ബന്ധം പുനഃപരിശോധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സ്വകാര്യ കമ്പനികളുടെ സ്വാതന്ത്ര്യം, അന്താരാഷ്ട്ര നിയമം, യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ എന്നിവയെ മാനിച്ചുകൊണ്ട് അത് ചെയ്യണം. സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കാനും, ബാധിച്ചേക്കാവുന്ന മേഖലകളെ സഹായിക്കാനും, വിതരണ ശൃംഖലകളെ വൈവിധ്യവല്‍ക്കരിക്കാനും നമ്മുടെ രാജ്യത്തിന് വിഭവങ്ങളുണ്ടെന്ന് സ്പാനിഷ് സര്‍ക്കാര്‍ പറഞ്ഞു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സംഭാഷണത്തിന് സാഞ്ചസ് ആഹ്വാനം ചെയ്തു. ഒരാള്‍ക്ക് വെറുപ്പുളവാക്കുന്ന ഒരു ഭരണകൂടത്തെ എതിര്‍ക്കാവുന്നതാണ്. അതേസമയം ന്യായീകരിക്കാന്‍ കഴിയാത്തതും അപകടകരവുമായ സൈനിക ഇടപെടലിനെ എതിര്‍ക്കാനും കഴിയുമെന്ന് സാഞ്ചസ് ചൂണ്ടികാട്ടി.
ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ യു.എസിന്റെ അടുത്ത സഖ്യകക്ഷിയായിരുന്ന ബ്രിട്ടനും ഇറാനെതിരായ ആക്രമണത്തില്‍ പങ്കുചേരേണ്ടതില്ലെന്ന് തീരുമാനിച്ചു. യു.കെയുടെ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടനല്ല, നമ്മള്‍ ഇടപെടുന്നത് വിന്‍സ്റ്റണ്‍ ചര്‍ച്ചിലുമായല്ലയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ പരാമര്‍ശിച്ച് ട്രംപ് പറഞ്ഞു. ഒരു പ്രത്യേക, പരിമിതമായ പ്രതിരോധ ആവശ്യത്തിനായി യു.എസ് യുദ്ധവിമാനങ്ങള്‍ക്ക് രണ്ട് ബ്രിട്ടീഷ് വ്യോമതാവളങ്ങള്‍ ഉപയോഗിക്കാം, ഒന്ന് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റര്‍ഷെയറിലും മറ്റൊന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍സിയയിലുള്ള യു.കെ-യു.എസ് സംയുക്ത താവളവുമെന്നുും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
എന്നാല്‍ സൈപ്രസിലെ ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ യു.എസിനെ അനുവദിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിസമ്മതിച്ചു. അതിലൊന്നില്‍ കഴിഞ്ഞ ദിവസം ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ലാന്‍ഡിംഗ് സ്ഥലം കണ്ടെത്താന്‍ ഞങ്ങള്‍ മൂന്നോ നാലോ ദിവസമെടുത്തുമെന്ന് ഡീഗോ ഗാര്‍സിയയെ കുറിച്ച് ട്രംപ് പറഞ്ഞു. ഡീഗോ ഗാര്‍സിയ ബേസ് ഉള്‍പ്പെടുന്ന ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് തിരികെ നല്‍കാന്‍ സമ്മതിച്ചതിന് സ്റ്റാര്‍മറിനെ ട്രംപ് വിമര്‍ശിച്ചു. അവര്‍ നിയന്ത്രിക്കുന്ന ആ മണ്ടന്‍ ദ്വീപിനോട് യു.കെ വളരെ നിസ്സഹകരണം കാണിച്ചുവെന്ന് ഞാന്‍ പറയുമെന്ന് ട്രംപ് കൂട്ടിചേർത്തു.



