വാഷിംഗ്ടൺ– ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിക്കൊണ്ട് അമേരിക്കയെ ബ്ലാക്ക്മെയിൽ ചെയ്യാമെന്ന് ഇറാൻ കരുതേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമുദ്രപാത തടസ്സപ്പെടുത്തിക്കൊണ്ട് തങ്ങളെ സമ്മർദ്ദത്തിലാക്കാൻ ഇറാൻ നടത്തുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായും കപ്പലുകളെ കടത്തിവിടില്ലെന്നുമുള്ള ഇറാന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായി നിലവിൽ ചില വിഷയങ്ങളിൽ മികച്ച രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ചർച്ചകൾക്കിടയിലും കടലിടുക്ക് അടയ്ക്കാനാണ് ടെഹ്‌റാൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. മേഖലയിലെ വെടിനിർത്തൽ കരാർ നീട്ടുന്ന കാര്യത്തിൽ വാഷിംഗ്ടൺ ആലോചനകൾ നടത്തുന്നതിനിടെയാണ് ട്രംപിന്റെ ഈ കർശനമായ പ്രതികരണം. ഇറാന്റെ പ്രകോപനപരമായ നടപടികൾക്ക് മുന്നിൽ അമേരിക്കൻ സർക്കാർ തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



