വാഷിംഗ്ടണ്‍ – 2027 ന് മുമ്പ് പെട്രോള്‍ വില കുറയില്ലെന്ന ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ പ്രവചനം തെറ്റാണെന്നും ഇറാന്‍ യുദ്ധം അവസാനിച്ചാലുടന്‍ അമേരിക്കയില്‍ പെട്രോള്‍ വില കുറയുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാലണിന് 3 ഡോളറില്‍ താഴെ പെട്രോള്‍ വില കുറയുന്നത് അടുത്ത വര്‍ഷം വരെ സംഭവിക്കണമെന്നില്ല എന്ന് ക്രിസ് റൈറ്റ് ഞായറാഴ്ച സി.എന്‍.എന്നിനോട് വ്യക്തമാക്കി. ഊര്‍ജ സെക്രട്ടറി എണ്ണ വില കുറയുന്നതിനെ കുറിച്ച് നടത്തിയ പ്രവചനം തെറ്റാണെന്ന് ഞാന്‍ കരുതുന്നു. പൂര്‍ണ്ണമായും തെറ്റാണ്. യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു.
ഈ സംഘര്‍ഷം പരിഹരിക്കപ്പെടുമ്പോള്‍, പെട്രോള്‍ വില കുറയുമെന്ന് റൈറ്റ് സി.എന്‍.എന്നിനോട് സമ്മതിച്ചെങ്കിലും, ഇന്ധന വില പ്രതിസന്ധി സമീപ ഭാവിയില്‍ അവസാനിക്കില്ലെന്ന് പറഞ്ഞു. ദുര്‍ബലമായ വെടിനിര്‍ത്തല്‍ ഉടന്‍ അവസാനിക്കും. മറ്റൊരു റൗണ്ട് സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ അനിശ്ചിതത്വത്തിലാണ്. വിലകള്‍ കുറക്കുമെന്ന് ഉറപ്പ് നല്‍കിയ ട്രംപും അദ്ദേഹത്തിന്റെ സഹ റിപ്പബ്ലിക്കന്‍മാരും നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി കടുത്ത സമ്മര്‍ദത്തിലാണ്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, അമേരിക്കയില്‍ പെട്രോള്‍ വില ഉയര്‍ന്ന നിലയില്‍ തുടരുന്നു. കൂടാതെ പണപ്പെരുപ്പം ഉയരുകയാണ്. ട്രംപിന്റെ അംഗീകാര റേറ്റിംഗുകള്‍ കുറയുകയും ചെയ്യുന്നുണ്ട്. ഒരു ഗാലണ്‍ സാധാരണ ഗ്യാസോലിന്റെ ശരാശരി വില ഇന്ന് 4.04 ഡോളറില്‍ എത്തിയതായി അമേരിക്കന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ കണക്കാക്കുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 3.15 ഡോളര്‍ ആയിരുന്നു വില. ആഗോളതലത്തില്‍ എണ്ണവില ഇന്ന് 5 ശതമാനം ഉയര്‍ന്നു.
യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നതോടെ ഇറാന്‍ ഹുര്‍മുസ് കടലിടുക്ക് അടച്ചു. ഫെബ്രുവരി 28 ന് ഇറാനില്‍ യു.എസും ഇസ്രായിലും നടത്തിയ ആക്രമണങ്ങളോടെയാണ് യുദ്ധം ആരംഭിച്ചത്. സൈനിക നടപടി നാല് മുതല്‍ ആറ് ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉയര്‍ന്ന ഇന്ധന വില വിമാനക്കൂലിയും ഭവനവും വളവും ഭക്ഷണവും വരെ അമേരിക്കയിലുടനീളം വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധിപ്പിച്ചു. നവംബര്‍ വരെ പെട്രോള്‍ വില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് ട്രംപ് തന്നെ മുമ്പ് പറഞ്ഞിരുന്നു.



