ന്യൂയോർക്ക്– ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ റൺവേയിൽ വിമാനവും ഫയർ ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം. ഞായറാഴ്ച രാത്രി 11:40-ഓടെയുണ്ടായ അപകടത്തിൽ വിമാനത്തിന്റെ പൈലറ്റും കോ-പൈലറ്റും കൊല്ലപ്പെട്ടു. എയർ കാനഡ എക്സ്പ്രസിന്റെ സി.ആർ.ജെ-900 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു അപകടസ്ഥലത്തേക്ക് പോകുകയായിരുന്ന ഫയർ ട്രക്കുമായി വിമാനം കൂട്ടിയിടിക്കുകയായിരുന്നു.
മോൺട്രിയലിൽ നിന്നും ന്യൂയോർക്കിലെത്തിയ വിമാനത്തിൽ നാല് ജീവനക്കാരടക്കം 76 പേരാണ് ഉണ്ടായിരുന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ കോക്പിറ്റ് തകരുകയും വിമാനം റൺവേയിൽ തലകീഴായി മറിയുകയും ചെയ്തു. പരിക്കേറ്റ 41 പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും പരിക്ക് ഗുരുതരമാണെങ്കിലും 32 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. പരിക്കേറ്റ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തെത്തുടർന്ന് ലാഗ്വാർഡിയ വിമാനത്താവളം താൽക്കാലികമായി അടച്ചു. വിശദമായ അന്വേഷണം നടത്തുന്നതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി വരെ വിമാനത്താവളം അടച്ചിടുമെന്ന് പോർട്ട് അതോറിറ്റി അറിയിച്ചു. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയും ജീവനക്കാരുടെ കുറവും മൂലം വിമാനത്താവളത്തിൽ നേരത്തെ തന്നെ വിമാനങ്ങൾ വൈകിയിരുന്നു. 2025 ജനുവരിയിൽ വാഷിംഗ്ടണിന് സമീപം വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചതിന് ശേഷം അമേരിക്കയിലുണ്ടാകുന്ന വലിയൊരു വിമാനാപകടമാണിത്.



