വാഷിംഗ്ടണ്‍ – ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളില്‍ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്. ഫോര്‍ഡ് അറ്റകുറ്റപ്പണികള്‍ക്കായി ക്രൊയേഷ്യന്‍ തുറമുഖമായ സ്പ്ലിറ്റില്‍ നങ്കൂരമിട്ടു. ഓപ്പറേഷന് എപ്പിക് ഫ്യൂറിയെ പിന്തുണച്ച് ചെങ്കടലില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത്, മാര്‍ച്ച് 12 ന് കപ്പലിന്റെ പ്രധാന ലോണ്‍ഡ്രി മുറിയില്‍ അഗ്നിബാധയുണ്ടായതിനെ തുടർന്നാണ് അറ്റകുറ്റപ്പണികള്‍ക്കായി ഇവിടെ നങ്കൂരമിട്ടത്. സംഭവത്തില്‍ മൂന്ന് നാവികര്‍ക്ക് പരിക്കേറ്റു. ഇറാന് ആക്രമണം മൂലമല്ല കപ്പലില്‍ അഗ്നിബാധയുണ്ടായത്. അഗ്നിബാധയെ തുടര്‍ന്ന് പുക ശ്വസിച്ചതിന് ഏകദേശം 200 നാവികരെ ചികിത്സിച്ചതായി യു.എസ് ഉദ്യോഗസ്ഥന് പറഞ്ഞു. തീ അണക്കാന്‍ നിരവധി മണിക്കൂറുകള്‍ എടുത്തു. അഗ്നിബാധ ഏകദേശം 100 സ്ലീപ്പിംഗ് ബെര്‍ത്തുകളെ ബാധിച്ചു.
മിഡില്‍ ഈസ്റ്റില്‍ എത്തുന്നതിനുമുമ്പ് കരീബിയനിലെ വെനിസ്വേലയെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളിലും ഈ കപ്പൽ പങ്കെടുത്തിരുന്നു.
അഗ്നിബാധയെ തുടര്‍ന്ന് ഗ്രീസിലെ ക്രീറ്റിലുള്ള സൗദ ബേയില്‍ യു.എസ്.എസ് ജെറാള്‍ഡ് ആര്. ഫോര്‍ഡ് താല്‍ക്കാലികമായി നിര്‍ത്തി. നാറ്റോ അംഗവും യു.എസ് സഖ്യകക്ഷിയുമായ ക്രൊയേഷ്യന്‍ സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കപ്പല്‍ സ്വീകരിക്കാന്‍ സമ്മതിച്ചു. യു.എസ്.എസ് ജെറാള്‍ഡ് ആര്. ഫോര്‍ഡില്‍ 5,000 ലേറെ നാവികരും എഫ്-18 സൂപ്പര്‍ ഹോര്‍നെറ്റ് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ 75 ലേറെ സൈനിക വിമാനങ്ങളും ഉണ്ട്. വ്യോമ ഗതാഗത നിയന്ത്രണത്തിനും നാവിഗേഷനും സഹായിക്കുന്ന നൂതന റഡാര്‍ സംവിധാനങ്ങളും കപ്പലിലുണ്ട്.



