കാലിഫോർണിയ– കാലിഫോർണിയയിൽ ദീപാവലി ഇനി പൊതു അവധിയായി പ്രഖ്യാപിച്ചു. പെൻസിൽവാനിയ, കണക്ടിക്കട്ട് എന്നിവയ്ക്ക് പിന്നാലെ ദീപാവലിക്ക് അവധി നൽകുന്ന മൂന്നാമത്തെ യു.എസ്. സംസ്ഥാനമായി കാലിഫോർണിയ മാറി. ദീപാവലിയെ ഔദ്യോഗിക അവധി ദിനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന ബില്ലിൽ ഗവർണർ ഗാവിൻ ന്യൂസോം ഒപ്പുവെച്ചു. ഇന്ത്യൻ വംശജനായ നിയമസഭാംഗം ആഷ് കൽറയാണ് ബിൽ അവതരിപ്പിച്ചത്.
ഈ തീരുമാനത്തോടെ, കാലിഫോർണിയയിലെ പൊതുവിദ്യാലയങ്ങളും കോളജുകളും ദീപാവലി ദിനത്തിൽ അവധിയായിരിക്കും. ദക്ഷിണേഷ്യൻ വംശജരായ 10 ലക്ഷത്തിലേറെ ആളുകൾ കാലിഫോർണിയയിൽ താമസിക്കുന്നുണ്ട്.
“ദീപാവലി ഒരു അവധി ദിനം മാത്രമല്ല, അത് പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുടെ അംഗീകാരം കൂടിയാണ്. നിരാശയ്ക്ക് മുകളിൽ പ്രത്യാശ, ഇരുട്ടിന് മുകളിൽ വെളിച്ചം, ഭിന്നതയ്ക്ക് മുകളിൽ ഐക്യം എന്നിവയാണ് ദീപാവലിയുടെ സന്ദേശം,” ആഷ് കൽറ പറഞ്ഞു. കാലിഫോർണിയ ദീപാവലിയുടെ വൈവിധ്യവും സന്ദേശവും സ്വീകരിക്കണമെന്നും അതിനെ മറച്ചുവെക്കരുതെന്നും ബിൽ പാസായപ്പോൾ അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാംഗം ദർശന പട്ടേലിന്റെ പിന്തുണയോടെ ഈ ബില്ലിന് വിപുലമായ അംഗീകാരം ലഭിച്ചു.