ലണ്ടൻ– ജനാധിപത്യത്തിൽ കൂടുതൽ പൗരന്മാരെ പങ്കാളികളാക്കാൻ ലക്ഷ്യമിട്ട് വോട്ടിങ് പ്രായം 18-ൽനിന്ന് 16 ആക്കി കുറയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ പദ്ധതി തയ്യാറാക്കുന്നു. 2029ലെ പാർലമെന്റ് തിരഞ്ഞെടുപ്പു മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. നടപടിക്ക് പാർലമെന്റിന്റെ അംഗീകാരം അനിവാര്യമാണ്.
2024 ജൂലായിൽ അധികാരത്തിലെത്തിയ ലേബർ പാർട്ടി തിരഞ്ഞെടുപ്പുപ്രചാരണ സമയത്ത്, വോട്ടിങ് പ്രായം കുറയ്ക്കുമെന്ന് വാഗ്ദാനംചെയ്തിരുന്നു. വിദേശ ഇടപെടലുകളിൽനിന്ന് ബ്രിട്ടീഷ് രാഷ്ട്രീയത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ തിരഞ്ഞെടുപ്പ് നിയമപരിഷ്‌ക്കാരങ്ങൾ കൊണ്ടുവരുന്നതെന്ന് ബ്രിട്ടീഷ് ഡിമോക്രസി മന്ത്രി റുഷനാര അലി പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകുന്ന ഷെൽ കമ്പനികൾക്കെതിരെ നടപടികളും, ഓട്ടോമാറ്റിക് വോട്ടർ രജിസ്ട്രേഷൻ സംവിധാനവും, തിരിച്ചറിയൽ രേഖയായി ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന സൗകര്യവും ആവിഷ്‌ക്കരിക്കാനും പദ്ധതിയുണ്ട്
യുണൈറ്റഡ് കിങ്‌ഡത്തിൻ്റെ ഭാഗമായ സ്‌കോട്‌ലൻഡും വെയ്ൽസും നേരത്തേ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ 16-ഉം 17-ഉം വയസ്സുള്ളവരെ വോട്ടുചെയ്യാൻ അനുവദിച്ചിരുന്നു. എക്വഡോർ, ഓസ്ട്രേലിയ, ബ്രസീൽ എന്നീ രാജ്യങ്ങളിലും വോട്ടുചെയ്യാനുള്ള കുറഞ്ഞ പ്രായം 16 ആണ്.