ലണ്ടൻ – പ്രധാനമന്ത്രി കീർ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള ലേബർ സർക്കാർ പ്രഖ്യാപിച്ച ‘ബ്രിട്ട് കാർഡ്’ എന്ന നിർബന്ധിത ഡിജിറ്റൽ ഐഡി പദ്ധതി യുകെയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിച്ചേക്കും. നിയമപരമായ കുടിയേറ്റം ലളിതമാക്കാനും നിയമവിരുദ്ധ കുടിയേറ്റം തടയാനുമായാണ് സ്മാർട്ട്ഫോൺ അധിഷ്ഠിതമായുള്ള ബ്രിട്ട് കാർഡ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ ആധാർ പോലുള്ള ഡിജിറ്റൽ ഐഡികളോട് സാമ്യതയുള്ളതാണിത്.
എന്താണ് ബ്രിട്ട് കാർഡ്?
GOV.UK വാലറ്റ് ആപ്പിൽ സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ ക്രെഡൻഷ്യൽ ആണ് ബ്രിട്ട് കാർഡ്. അതായത് ഇത് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ എടിഎം കാർഡ് പോലുള്ള ഒരു ഫിസിക്കൽ കാർഡല്ല. യുകെയിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം ക്യുആർ സ്‌കാനിങ്ങിലൂടെ സ്ഥിരീകരിക്കാൻ ഇതുകൊണ്ട് കഴിയും. എൻക്രിപ്ഷനും ബയോമെട്രിക്‌സും ഉപയോഗിച്ച് കാർഡിന്റെ സുരക്ഷ ഉറപ്പാക്കും.
യുകെ പൗരന്മാർ, നിയമപരമായ താമസക്കാർ, വിസ ഉടമകൾ (ഇന്ത്യൻ വർക്ക് വിസക്കാർ ഉൾപ്പെടെ), സെറ്റിൽഡ് സ്റ്റാറ്റസ് ഉള്ളവർ എന്നിവർക്ക് ബ്രിട്ട് കാർഡ് സൗജന്യമായി ലഭിക്കും.
ജോലിക്ക് നിയമിക്കുമ്പോഴും വാടകയ്ക്ക് വീട് എടുക്കുമ്പോഴും പൊതു സേവനങ്ങൾക്കു വേണ്ടി അപേക്ഷിക്കുമ്പോഴുമെല്ലാം ബ്രിട്ട് കാർഡ് നിർബന്ധമായിരിക്കും. 2026-ൽ ആരംഭിച്ച് 2027-ഓടെ പൂർണ്ണമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ പ്രവാസികളെ ബാധിക്കുമോ?
ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2025-ൽ 250,000-ൽ അധികം ഇന്ത്യൻ പൗരന്മാരാണ് യുകെയിൽ വർക്ക് വിസകളിൽ ജോലി ചെയ്യുന്നത്. ഇതിൽ സിംഹഭാഗവും സ്‌കിൽഡ് വർക്കർ വിസയിലാണ്. ഇവർക്ക്, പ്രത്യേകിച്ച് ഐടി, ആരോഗ്യം, എഞ്ചിനീയറിംഗ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ബ്രിട്ട് കാർഡ് നിർബന്ധമാകും.
ബ്രിട്ട് കാർഡിന്റെ നല്ല വശങ്ങൾ
നിയമപരമായി യുകെയിൽ താമസിക്കുന്ന മിക്ക ഇന്ത്യക്കാർക്കും ഈ നീക്കം ഗുണമാണ് ചെയ്യുക.
- തൊഴിൽ സ്ഥിരീകരണം ലളിതമാക്കും: ഇപ്പോഴുള്ളതു പോലെ പാസ്പോർട്ടോ ബയോമെട്രിക് റെസിഡൻസ് പെർമിറ്റോ (BRP) കൊണ്ടുനടക്കേണ്ട ആവശ്യമില്ല. സ്മാർട്ട് ഫോണിലെ ബ്രിട്ട് കാർഡിലെ കോഡ് സ്‌കാൻ ചെയ്യുകവഴി തൊഴിലുടമയ്ക്ക് ‘റൈറ്റ്-ടു-വർക്ക്’ സ്ഥിരീകരിക്കാം. ഇത് റിക്രൂട്ട്മെന്റ് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.
- ദൈനംദിന ജീവിതം എളുപ്പമാക്കും: ബാങ്കിംഗ്, എൻഎച്ച്എസ് (NHS), വീട് വാടകയ്‌ക്കെടുക്കൽ, കുട്ടികളുടെ സ്‌കൂൾ പ്രവേശനം, ആനുകൂല്യങ്ങൾ എന്നിവയ്ക്ക് രേഖകൾ ആവർത്തിച്ച് നൽകേണ്ട സാഹചര്യം ഒഴിവാക്കാം.
- ഡിജിറ്റൽ സംയോജനം: നിലവിൽ നടപ്പാക്കിവരുന്ന ഇ-വിസകളുമായി ബ്രിട്ട് കാർഡ് ബന്ധിപ്പിക്കുന്നുണ്ട്. വിസ സ്റ്റാറ്റസ് അപ്ഡേറ്റുകളും വിസ കാലാവധി സംബന്ധിച്ചുള്ള അറിയിപ്പുകളും ഒറ്റ ആപ്പിലൂടെ ലഭിക്കുന്നതിനാൽ ഓവര്‍സ്റ്റേ തടയാനും ILR (ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ) പോലുള്ള ദീർഘകാല അപേക്ഷകൾ എളുപ്പമാക്കാനും സഹായിക്കും.
വെല്ലുവിളികളും ആശങ്കകളും
- റൈറ്റ്-ടു-വർക്ക് പരിശോധനയിൽ പിഴവുണ്ടായാൽ 60,000 പൗണ്ട് വരെ പിഴയടയ്ക്കേണ്ടിവരും എന്നുള്ളതിനാൽ, ചെറുകിട ബിസിനസ്സുകൾ നിയമപരമായിട്ടുള്ളവർ ആണെങ്കിൽ പോലും കുടിയേറ്റക്കാരെ ജോലിക്കെടുക്കുന്നതിന് ഭയന്നേക്കാം.
- നല്ല സ്മാർട്ട്ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത, വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികൾ ഉൾപ്പെടെയുള്ള ചില കുടിയേറ്റക്കാർക്ക് ഈ ഡിജിറ്റൽ സംവിധാനം ബുദ്ധിമുട്ടുണ്ടാക്കും.
- ഡാറ്റാ ചോർച്ച ഉണ്ടാകാനുള്ള സാധ്യതയും, ഹോം ഓഫീസിന്റെ കേന്ദ്രീകൃത ഡാറ്റാബേസിൽ സൂക്ഷിച്ചുവെക്കുന്ന വിസ ഹിസ്റ്ററി ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോരാനുള്ള സാധ്യതയും ബ്രിട്ട് കാർഡിനുള്ള പൊതുജനവിശ്വാസം കുറയാൻ കാരണമായേക്കാം.
- നിയമവിരുദ്ധ കുടിയേറ്റക്കാർ: നിയമവിരുദ്ധമായി എത്തിയവരോ, സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ബ്രിട്ട് കാർഡ് നേടാൻ കഴിയാത്തവരോ ആയ കുടിയേറ്റക്കാർ കൂടുതൽ ചൂഷണം നേരിടേണ്ടിവരുന്ന ‘കാഷ്-ഇൻ-ഹാൻഡ്’ ജോലികളിലേക്ക് തള്ളപ്പെടാനും സാധ്യതയുണ്ട്.
യു.കെയെ ആധുനികവത്കരിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് ലേബർ എംപിമാരുടെ വാദം. എന്നാൽ, പ്രതിപക്ഷ കക്ഷികളും മനുഷ്യാവകാശ ഗ്രൂപ്പുകളും ഇതിനെ സംശയത്തോടെയാണ് കാണുന്നത്. ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള നിരീക്ഷണ ഉപകരണമാണ് ഇതെന്ന് അവർ വിമർശിക്കുന്നു.