കൊല്ലം: കൊല്ലം ജില്ലയിലെ തുമ്പമൺകൊടി കാരറക്കുന്നിനു സമീപം ബൈക്ക് തടഞ്ഞുനിർത്തി അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മടത്തറ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന അനന്തുവിന് പരിക്കേറ്റു. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് പിടികൂടി. വാക്കുതർക്കത്തെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണം എന്നാണ് നിഗമനം.
ഇന്നലെ ക്ഷേത്രോത്സവത്തിനിടെ സുജിനും വിവേക്, സൂര്യജിത്ത്, രാജു (ബിജുമോൻ), മഹി, വിജയ് എന്നിവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും അതിനെ തുടർന്നുള്ള വൈരാഗ്യം കൊലയിൽ കലാശിച്ചു എന്നുമാണ് സൂചന. ഉത്സവസ്ഥലത്തു നിന്ന് മടങ്ങി കാരംസ് കളിച്ച ശേഷം സുജിനും അനന്തുവും മടങ്ങുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിച്ചിരുന്ന അക്രമികൾ ബൈക്ക് തടഞ്ഞ് കുത്തുകയായിരുന്നു.
സുജിന് വയറിലും അനന്തുവിന് മുതുകിലും കുത്തേറ്റു. നാട്ടുകാർ ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും സുജിനെ രക്ഷിക്കാനായില്ല. അനന്തു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്നും ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.