അമ്മാന്‍ – ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്റെ വടക്ക് ഭാഗത്തുള്ള അബൂനുസൈര്‍ പ്രദേശത്ത് ചൊവ്വാഴ്ച രാത്രി വെടിയേറ്റ് മുന്‍ ജോര്‍ദാന്‍ എം.പി ഡോ. മൂസ ഉമൈര്‍ ഹസന്‍ അബൂസുലൈമും മകനും പാര്‍ലമെന്റ് ഉദ്യോഗസ്ഥനുമായ അയ്മനും കൊല്ലപ്പെട്ടു. വെടിയേറ്റ മൂസ ഉമൈറുടെ ഭാര്യ ഗുരുതര പരിക്കളുമായി ചികിത്സയിലാണ്.
ഇവർക്ക് നേരെ ആക്രമി വെടിയുതിർക്കുകയും തുടർന്ന് മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മുന്‍ എം.പിയും മകനും ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പു തന്നെ മരണപ്പെട്ടിരുന്നു.
വെടിവെപ്പിനെ കുറിച്ച് വിവരം ലഭിച്ചയുടനെ തന്നെ അക്രമിയെ തിരിച്ചറിഞ്ഞതായി പൊതുസുരക്ഷാ വകുപ്പ് വക്താവ് സ്ഥിരീകരിച്ചു. മൂസ ഉമൈറിന്റെ സഹോദര പുത്രനാണ് പ്രതി. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് സുരക്ഷ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊതുസുരക്ഷാ വകുപ്പ് വക്താവ് അറിയിച്ചു.
മുന്‍ എം.പിയുടെ വിയോഗത്തിൽ ജോര്‍ദാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അഹ്മദ് അല്‍സ്വഫദി അനുശോചനം രേഖപ്പെടുത്തി.പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ നിയമനിര്‍മാണ, മേല്‍നോട്ട പ്രകടനങ്ങള്‍ എന്നിവയെ അനുസ്മരിക്കുകയും ചെയ്തു. സ്പീക്കര്‍ സ്വന്തം പേരിലും പ്രതിനിധി സഭ അംഗങ്ങളുടെ പേരിലും മുന്‍ എം.പിയുടെ കുടുംബത്തെയും ബന്ധുക്കളെയും അനുശോചനം അറിയിച്ചു.