തിരുവനന്തപുരം – പൊലീസുകാരിയെ ബലാത്സംഗം ചെയ്ത കേസ് ഒതുക്കിത്തീർക്കാൻ എസ്.ഐയിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് അറസ്റ്റിലായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തും. ബലാത്സംഗക്കേസിൽ പ്രതിയായ എസ്.ഐ വിൽഫർ ഫ്രാൻസിസിനോട് 25 ലക്ഷം ആവശ്യപ്പെട്ട അസി. കമാൻഡന്റ് സ്റ്റാർമോൻ ആർ പിള്ള, സൈബർ ഓപറേഷൻ ഓഫീസ് റൈറ്റർ അനു ആന്റണി എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കും.
വിൽഫർ തന്നെ ബലാത്സംഗം ചെയ്തുവെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ ഇടപെട്ട ഉദ്യോഗസ്ഥർ, പരാതി ഒതുക്കാൻ എസ്.ഐയിൽ നിന്ന് പണം ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ നവംബർ 16-ന് ഉദ്യോഗസ്ഥയെ പീഡിപ്പിച്ച വിൽഫറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പീഡന വിവരം അറിഞ്ഞിട്ടും മാതൃകാപരമായി നിയമനടപടികൾ സ്വീകരിക്കുന്നതിനും നിയമസഹായം ചെയ്തു കൊടുക്കുന്നതിനും പകരം ഒത്തുതീർക്കാൻ ശ്രമിച്ചതും കൈക്കൂലി ആവശ്യപ്പെട്ടതും ഗുരുതരമായ കുറ്റമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. അതേസമയം, ഉദ്യോഗസ്ഥർ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നത് കെട്ടിച്ചമച്ച പരാതിയാണെന്നും പ്രതി വിൽഫർ ആണ് ഇതിനു പിന്നിലെന്നും പീഡനത്തിനിരയായ പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു.