ദുബൈ– 2200 കോടിയിലധികം(950 മില്ല്യൺ ദിർഹം) വരുന്ന വ്യാജ നിക്ഷേപ പദ്ധതി നടത്തിയ ദുബൈയിലെ ഒരു ഹോട്ടലുടമയെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദ് പോലീസ് ശനിയാഴ്ച ഖലീജ് ടൈംസിനോട് അറസ്റ്റ് സ്ഥിരീകരിക്കുകയുണ്ടായി. ദുബായ് മറീനയിൽ ഫോർ സ്റ്റാർ ഹോട്ടൽ നടത്തിയിരുന്ന 39-കാരനാണ് എച്ച്പിസെഡ് ടോക്കൺ തട്ടിപ്പിനു പിന്നിലെ പ്രധാനിയെന്നാണ് റിപ്പോർട്ട്. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് ഇയാൾ കബളിപ്പിച്ചത്.
നിയമപരമായ കാരണങ്ങളാൽ അധികൃതർ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷം ആദ്യത്തിലായിരുന്നു ഇന്ത്യൻ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) യുടെ ശക്തമായ ഇടപെടലിലും, അന്വേഷണത്തിലും കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെടുകയായിരുന്നു. പ്രതി തന്റെ ദുബൈയ് ബിസിനസുകൾ ഉപയോഗിച്ച് പേയ്‌മെന്റ് ഗേറ്റ്‌വേകൾ വഴി ഇന്ത്യയിൽ നിന്ന് അനധികൃത ഫണ്ടുകൾ കടത്തി. പിന്നീട് ഇവ ക്രിപ്‌റ്റോകറൻസിയാക്കി മാറ്റി, ശേഷം ചൈനീസ് ഹാൻഡ്‌ലർമാർക്ക് ക്രിപ്‌റ്റോ വഴി കൈമാറി. ഏതാണ്ട് 2.2 ബില്ല്യൺ രൂപയിലധികം കള്ളപ്പണം ഇയാൾ വെളുപ്പിച്ചതായും ഇ.ഡി വ്യക്തമാക്കി.
ഡൽഹിയിലെ രോഹിണി സെക്ടർ 11 ഏരിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ പോലീസ് റിമാൻഡിൽ ആണെന്നും ഫരീദാബാദ് പോലീസ് പിആർഒ യശ്പാൽ യാദവ് ഖലീജ് ടൈംസിനോട് പറഞ്ഞു. “ഇതൊരു വൻകിട വ്യാജ പണമിടപാട് പിടിക്കൂടലാണെന്നും” ,വഞ്ചിക്കപ്പെട്ട പണത്തിന്റെ ഒരു ഭാഗം ലഭിച്ച പേയ്‌മെന്റ് ഗേറ്റ്‌വേ അക്കൗണ്ട് വഴിയാണ് പ്രതിയെ ട്രാക്ക് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. “വ്യാജ വ്യക്തിഗത രേഖകൾ ഉപയോഗിച്ചാണ് പ്രതി ബാങ്ക് അക്കൗണ്ട് തുറന്നത്,” യാദവ് കൂട്ടിച്ചേർത്തു.
എച്ച്പിസെഡ് ടോക്കൺ റാക്കറ്റിനെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, 2022 ൽ പ്രതി ദുബൈയിലേക്ക് താമസം മാറിയതായി റിപ്പോർട്ടുണ്ട്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഇയാൾക്കെതിരായ ലുക്ക്ഔട്ട് സർക്കുലർ റദ്ദാക്കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ ഉത്തരവിട്ടതിനെത്തുടർന്ന് ഏകദേശം മൂന്നാഴ്ച മുമ്പ് ഇയാൾ ഇന്ത്യയിലേക്ക് മടങ്ങിയതായി ഫരീദാബാദ് പോലീസ് പറഞ്ഞു.
പിടിക്കപ്പെട്ട പ്രതിയും അയാളുടെ ബിസിനസ് പങ്കാളിയും ചേർന്ന് ഹോട്ടൽ സംരംഭങ്ങൾക്കൊപ്പം സമാന്തര സൈബർ തട്ടിപ്പ് ഓപ്പറേഷൻ നടത്തുകയായിരുന്നു. ഫണ്ടുകളുടെ 30 ശതമാനം അയാൾ കൈവശം വെക്കുകയും ബാക്കിയുള്ളത് ദുബൈയിലെ തന്റെ പങ്കാളിക്ക് നൽകുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വ്യാജ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപ പദ്ധതിയിൽ വഞ്ചിക്കപ്പെട്ട ഫരീദാബാദ് ആസ്ഥാനമായുള്ള ഒരു എഞ്ചിനീയർ 2024 ജനുവരിയിൽ നൽകിയ പരാതിയെ തുടർന്നാണ് ഇതിൽ അന്വേഷണം നടക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. ഇരയുടെ പക്കൽ നിന്ന് 880,000 ദിർഹം പതിനൊന്ന് ബാങ്ക് അക്കൗണ്ടുകളിലായി തട്ടിപ്പു സംഘം കൈപ്പറ്റിയിരുന്നു.
കേസിൽ അറസ്റ്റിലായ 12-ാമത്തെ വ്യക്തിയാണ് ഇയാൾ എന്ന് ഫരീദാബാദ് പോലീസ് പറഞ്ഞു. അയാളുടെ കൂട്ടാളിയെയും മറ്റ് മൂന്ന് പേരെയും കണ്ടെത്താൻ അന്വേഷകർ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. “ഇന്ത്യയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യാൻ കഴിയുന്ന തരത്തിൽ കൂട്ടാളികൾക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കാനുള്ള പ്രക്രിയയിലാണ്,” യാദവ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാധിഷ്ഠിത സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നായി എച്ച്പിസെഡ്(HPZ) ടോക്കൺ അഴിമതി ഉയർന്നുവന്നിട്ടുണ്ട്. ഇരകളെ ഒരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനും ക്രിപ്‌റ്റോ-മൈനിംഗ് സ്കീമുകൾ എന്നറിയപ്പെടുന്നവയിൽ നിക്ഷേപിക്കാനും പ്രലോഭിപ്പിക്കുകയും, തുടക്കത്തിൽ ലാഭം കൊടുത്ത് വിശ്വാസ്യത സൃഷ്ടിക്കുകയും, കൂടുതൽ തുകകൾ നിക്ഷേപിച്ചുകഴിഞ്ഞാൽ ഫണ്ടുകൾ തട്ടിയെടുക്കുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട പ്രതിയുടെ 497 കോടി രൂപയുടെ (216 മില്യൺ ദിർഹം) ആസ്തികൾ ഇഡി ഇതുവരെ മരവിപ്പിക്കുകയോ, കണ്ടുകെട്ടുകയോ ചെയ്തിട്ടുണ്ട്. കൂടാതെ പണമിടപാട് മറച്ചുവെക്കാൻ പ്രതിയും കൂട്ടാളികളും സൃഷ്ടിച്ച 200ലധികം വരുന്ന ഷെൽ കമ്പനികൾ കണ്ടെത്തുകയും ചെയ്തു.